ന്യൂഡൽഹി: യമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് സൻആയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ചര്‍ച്ചക്ക് യമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈകോടതിയിൽ. പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികള്‍ക്കും യമന്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ഡല്‍ഹി ഹൈകോടതി നേരത്തെ നൽകിയ നിർദേശം നടപ്പാകാത്ത സാഹചര്യത്തിലാണ് വീണ്ടും ഹരജി നൽകിയത്. ഹരജി വ്യാഴാഴ്ച ഹൈകോടതി പരിഗണിക്കും.
വധശിക്ഷയില്‍ ഇളവിനായുള്ള നിമിഷപ്രിയയുടെ അപ്പീല്‍ യമന്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിലും അനുകൂലവിധി ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന് അമ്മ പ്രേമകുമാരി ഹരജിയിൽ ബോധിപ്പിച്ചു. ശരീഅത്ത് നിയമപ്രകാരം തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കൂ. അതിനായുള്ള ചര്‍ച്ചക്ക് യമനിലേക്ക് പോകാന്‍ തനിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികൾക്കും അവസരമൊരുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.