ലഖ്നോ: പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ വിസമ്മതിച്ചതിന് പിന്നാലെ അമ്മ പ്രായപൂർത്തിയാകാത്ത മകളെ വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ മൻജൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ പ്രതിയായ അമ്മ ശിവപതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമത്തിലുള്ള യുവാവുമായി കുട്ടി പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയ അമ്മ കുട്ടിയോട് ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതായതോടെ കൊലപ്പെടുത്തുകയായിരുന്നു. പതിനഞ്ചുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറ്റ് കുടുംബാഗംങ്ങളുടെ സഹായത്തോടെ ശിവപതി കിണറ്റിൽ തള്ളുകയായിരുന്നു. പിന്നാലെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതാകാമെന്നും ചൂണ്ടിക്കാട്ടി ഇവർ പൊലീസിൽ പരാതിയും നൽകിയിരുന്നതായി എസ്.പി ബ്രിജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.
ഒക്ടോബർ 14നായിരുന്നു സ്ത്രീ പൊലീസിൽ മകളെ കാണാനില്ലെന്ന പരാതി നൽകിയത്. ഒക്ടോബർ രണ്ടിന് പ്രദേശത്തെ വയലിൽ ജോലിക്ക് പോയ മകൾ തിരികെയെത്തിയിട്ടില്ലെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഒക്ടോബർ 26ന് പ്രദേശവാസികളാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. പിന്നാലെ പ്രതിയായ അമ്മയെത്തി കുട്ടിയുടെ മൃതദേഹം തിരിച്ചറിയുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുട്ടിയുടെ അമ്മ തന്നെയാകാമെന്ന് പൊലീസിന് സംശയം തോന്നിയത്. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ മകന്‍റെ ഭാര്യ മീര ഒളിവിലാണ്.
തെളിവെടുപ്പിനിടെ കുട്ടിയെ കൊലപ്പെടുത്താനുപയോഗിച്ച കോടാലിയും വടികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.