കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റേതെന്ന് കരുതപ്പെടുന്ന ചിതാഭസ്മത്തിൽ ഡി.എൻ.എ പരിശോധന നടത്താൻ ജപ്പാനിലെ റെൻകോജി ക്ഷേത്ര അധികൃതർ അനുമതി നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തൽ.
നേതാജിയുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് എം.കെ. മുഖർജി കമീഷൻ റിപ്പോർട്ടിൽ ഡി.എൻ.എ പരിശോധനക്ക് ക്ഷേത്രത്തിന്റെ അനുമതി ലഭിച്ചില്ല എന്ന് രേഖപ്പെടുത്തിയത് തെറ്റാണെന്നും നേതാജിയുടെ സഹോദരൻ ശരത് ബോസിന്റെ ചെറുമകൾ മാധുരി ബോസ് വെളിപ്പെടുത്തി.
റെൻകോജി ക്ഷേത്രത്തലവൻ നിചികോ മോചിസൂകി നൽകിയ കത്തിൽ ഡി.എൻ.എ പരിശോധനക്ക് അനുമതി നൽകിയിരുന്നെന്നും എന്നാൽ, ആ ഭാഗം ഒഴിവാക്കിയുള്ള ഇംഗ്ലീഷ് പരിഭാഷയാണ് മുഖർജി കമീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മാധുരി ബോസ് ചൂണ്ടിക്കാട്ടി.
അടുത്തിടെ ജപ്പാൻ ഭാഷ വിദഗ്ധരുടെ സഹായത്തോടെ വീണ്ടും തയാറാക്കിയ പരിഭാഷയിലാണ് ഇക്കാര്യം വ്യക്തമായതെന്നും അവർ കൂട്ടിച്ചേർത്തു.
മുഖർജി കമീഷൻ റിപ്പോർട്ട് 2006ൽ പാർലമെന്റിന്റെ മേശപ്പുറത്തു വെച്ചിരുന്നു. നേതാജി വിമാന അപകടത്തിൽ മരിച്ചിട്ടില്ലെന്നും ജപ്പാനിലെ ക്ഷേത്രത്തിലുള്ള ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.