ന്യൂഡൽഹി: യു.എൻ പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടുനിന്നതിൽ നാണക്കേടുണ്ടെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ച് ബി.ജെ.പി നേതാവ് മുഖ്താർ അബ്ബാസ് നഖ്വി. കോൺഗ്രസിന്‍റെ മുൻകാല നിലപാടുകളെ കുറിച്ച് അറിയാത്തവരുടെ നിർദേശ പ്രകാരമായിരിക്കും പ്രിയങ്ക ഗാന്ധി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെക്കുന്നത്. രാഹുൽ ഗാന്ധിയെക്കാൾ മികച്ച നേതാവായി പ്രിയങ്കയെ ജനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ പ്രിയങ്ക കൂടുതൽ വിഡ്ഢിയാക്കപ്പെടുകയാണെന്നും നഖ്വി പറഞ്ഞു. ഇന്ത്യയുടെ നിലപാടിനോട് നാണക്കേടും അമ്പരപ്പും തോന്നുന്നവർ രാജ്യം തീവ്രവാദത്തിനൊപ്പം നിൽക്കില്ലെന്ന് മനസിലാക്കണം. ഇസ്രായേൽ ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
" യു.എൻ പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനോട് നാണക്കേടും അമ്പരപ്പും തോന്നുന്നവർ രാജ്യം തീവ്രവാദത്തിനൊപ്പം നിൽക്കില്ലെന്ന് മനസിലാക്കണം. ഇസ്രായേൽ ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമുണ്ടാകില്ല. തീവ്രവാദത്തിന്‍റെ പക്ഷം പിടിക്കുന്നവർ സ്വയം അപകടത്തിലാവുകയാണ് എന്ന് ഓർത്താൽ നല്ലതാണ്. താങ്കളുടെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിടുന്ന പോസ്റ്റുകളെ കുറിച്ച് പ്രിയങ്ക ഗാന്ധിക്ക് അറിവുണ്ടാകുന്നത് നന്നായിരിക്കും. കോൺഗ്രസിന്‍റെ മുൻകാല നിലപാടുകളെ കുറിച്ച് യാതൊരു വിധ ധാരണയുമില്ലാത്തവരാണ് പോസ്റ്റിടാൻ താങ്കളെ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു. രാഹുൽ ഗാന്ധിയേക്കാൾ മികച്ചതായി താങ്കളെ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾ നിങ്ങളെ കൂടുതൽ വിഡ്ഢിയാക്കുന്നതായാണ് മനസിലാക്കുന്നത്" നഖ്വി പറഞ്ഞു.
കണ്ണിന് പകരം കണ്ണ് എന്ന രീതിയിൽ മുന്നോട്ട് പോയാൽ അത് ലോകത്തെ മുഴുവൻ അന്ധരാക്കുമെന്ന മഹാത്മഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമർശനം. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നടപടി അപമാനകരവും ഞെട്ടിക്കുന്നതുമാണ്. അഹിംസയുടെയും സത്യത്തിന്റേയും തത്വങ്ങളിൽ ഊന്നിയാണ് നമ്മുടെ രാജ്യം സൃഷ്ടിക്കപ്പെട്ടത്. ജീവിതത്തിൽ മുഴുവൻ ഈ തത്വങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരസേനാനികൾ മാതൃകയാക്കിയിരുന്നു. ഇന്ത്യയുടെ ധാർമിക ശക്തിയെയാണ് അവർ പ്രതിനിധാനം ചെയ്തിരുന്നത്. എന്നാൽ, എല്ലാ മാനുഷിക നിയമങ്ങളും ലംഘിച്ച് ഫലസ്തീനിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും വൈദ്യുതിയും നിഷേധിക്കപ്പെടുമ്പോൾ ആ വിഷയത്തിൽ ഇന്ത്യ ഒരു നിലപാടെടുക്കാതിരിക്കുന്നത് രാഷ്ട്രമെന്ന നിലയിൽ അത് നേടിയ എല്ലാ പുരോഗതികൾക്കും എതിരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.