ന്യൂഡൽഹി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ക്വാമി ഏകതാ ദൾ സ്ഥാപകനുമായ മുഖ്താർ അൻസാരി ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി)ൽ ചേർന്നു. പാർട്ടി അധ്യക്ഷ മായാവതി ലക്നോയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്താർ അൻസാരിയെ ബി.എസ്.പിയിലേക്ക് സ്വാഗതം ചെയ്തത്. മാസങ്ങൾക്ക് മുമ്പ് എസ്.പിയിൽ ചേർന്ന മുഖ്താർ അൻസാരിക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവ് സീറ്റ് നിഷേധിച്ച സാഹചര്യത്തിലാണ് ബി.എസ്.പിയിൽ ചേർന്നത്.
കൊലപാതകം, തട്ടിക്കൊണ്ടു പോകൽ അടക്കം 40ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ മുഖ്താർ അൻസാരി നിലവിൽ ലക്നോ ജയിലിലാണ്. മുഖ്താറിനെ ബി.എസ്.പിയിൽ തിരിച്ചെടുത്തതോടെ കിഴക്കൻ ഉത്തർപ്രദേശിലെ സ്വാധീനം വർധിപ്പിക്കുകയാണ് മായാവതിയുടെ ലക്ഷ്യം. നേരത്തെ മുഖ്താറിന്‍റെ ക്വാമി ഏകതാ ദളിനെ എസ്.പിയിൽ ലയിപ്പിക്കാനുള്ള യു.പി അധ്യക്ഷൻ ശിവപാൽ യാദവിന്‍റെ തീരുമാനത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് എതിർത്തിരുന്നു.
മാവു നിയോജക മണ്ഡലത്തിൽ നിന്ന് നാലു തവണ എം.എൽ.എയായി വിജയിച്ച മുഖ്താർ അൻസാരി ബി.എസ്.പി നേതാവായ അഫ്സൽ അൻസാരിയുടെ സഹോദരനാണ്. 1996ൽ ബി.എസ്.പി ടിക്കറ്റിലാണ് മുഖ്താർ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2002ലും 2007ലും സ്വതന്ത്ര സ്ഥാനാർഥിയായി ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2007ൽ ബി.എസ്.പിയിൽ തിരിച്ചെത്തി 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് 2010ൽ ബി.എസ്.പിയിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് ക്വാമി ഏകതാ ദൾ എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവു മണ്ഡലത്തിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
മുസ് ലിം വിഭാഗത്തിന്‍റെ വോട്ടുകൾ തങ്ങളുടെ പക്ഷത്താക്കാനായി 97 മുസ് ലിം സ്ഥാനാർഥികൾക്കാണ് ബി.എസ്.പി സീറ്റ് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.