ലഖ്നോ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിങ് യാദവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതായി മേതാന്ത ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന മുലായം സിങ് വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. 82കാരനായ രാഷ്ട്രീയ ആചാര്യന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസമാണ് പാർട്ടി അറിയിച്ചത്. ആഗസ്റ്റ് 22 മുതൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
മകൻ അഖിലേഷ് യാദവ്, മരുമകൾ ഡിംബിൾ യാദവ്, സഹോദരൻ ശിവ്പാൽ സിങ് യാദവ് എന്നിവർ ഇന്നലെ അദ്ദേഹത്തെ സന്ദർശിച്ചു. നിരവധി പാർട്ടി പ്രവർത്തകരും ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ച് സന്ദർശനം നിയന്ത്രിച്ചിരിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മകൻ അഖിലേഷ് യാദവിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു.
അതേസമയം, തങ്ങളുടെ പ്രിയ നേതാവിന്റെ ആരോഗ്യത്തിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെല്ലാം പ്രാർഥനയുമായി കഴിയുകയാണ് എസ്.പി പ്രവർത്തകർ. മുലായം സിങ്ങിനു വേണ്ടി വൃക്ക നൽകാൻ തയാറാണെന്ന് വാരാണസിയിലെ പാർട്ടി നേതാവ് അജയ് യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.