ഗുവാഹത്തി: വിവാദ കാളി പോസ്റ്ററിൽ സംവിധായിക ലീന മണിമേഖലക്കെതിരെ അസമിൽ ഒന്നിൽ കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അസം പൊലീസ്. ഡോക്യുമെന്‍ററി പോസ്റ്ററിലൂടെ സംവിധായിക മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിക്കാർ ആരോപിച്ചതായി പൊലീസ് പറഞ്ഞു.
ഡോക്യുമെന്ററിയുടെ പോസ്റ്ററിനൊപ്പം മതവികാരം വ്രണപ്പെടുത്തിയതിന് മണിമേഖലക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സുരക്ഷാ മഞ്ച് എന്ന സംഘടനയും യുനൈറ്റഡ് ട്രസ്റ്റ് ഓഫ് അസമും ഒരുമിച്ച് പൊലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. ഒരു ഹിന്ദുവിനും സ്വീകാര്യമല്ലാത്ത തരത്തിലാണ് പോസ്റ്ററിൽ കാളിയെ ചിത്രീകരിച്ചിരിക്കുന്നതെന്നും ഹിന്ദു മതവികാരങ്ങളെ അവഹേളിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ഹിന്ദു മത സംസ്‌കാരത്തെ ബോധപൂർവം വളച്ചൊടിക്കുന്നതാണിതെന്നും പരാതിക്കാർ ആരോപിച്ചു.
കാളി ദേവിയുടെ രൂപത്തിൽ സിഗരറ്റ് വലിക്കുന്ന സ്ത്രീ എൽ.ജി.ബി.ടി.ക്യൂ കമ്യൂണിറ്റിയുടെ പതാകയുമായി നിൽക്കുന്നതാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. അസമിന് പുറമേ ഉത്തർപ്രദേശിലും ഡൽഹിയിലും സംവിധായികക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ ചിത്രത്തിന്‍റെ പോസ്റ്റർ നീക്കം ചെയ്യണമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമീഷൻ ആഗാ ഖാൻ മ്യൂസിയത്തോട് ആവശ്യപ്പെട്ടു. അണ്ടർ ദി ടെന്റ് പദ്ധതിയുടെ ഭാഗമായി പ്രദർശിപ്പിച്ച ചിത്രത്തിന്റെ പോസ്റ്ററിൽ ഹിന്ദു ദൈവങ്ങളെ അനാദരവോടെ ചിത്രീകരിച്ചതായി കാനഡയിലെ ഹിന്ദു സമുദായ നേതാക്കളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ പ്രകോപനകരമായ എല്ലാ കാര്യങ്ങളും പിൻവലിക്കണമെന്നും ഹൈകമീഷൻ മ്യൂസിയം അധികൃതരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.