മുംബൈ: എയർഇന്ത്യയിൽ എയർഹോസ്റ്റസ് ട്രെയിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ലോക്കപ്പിൽ തൂങ്ങിമരിച്ചു. ഛത്തിസ്ഗഢ് സ്വദേശിനി രുപാൽ ഒഗ്രേ (24)യെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായിരുന്ന വിക്രം അത്‌വൽ (40) ആണ് ജീവനൊടുക്കിയത്. ലോക്കപ്പിനുള്ളിൽ സീലിങിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
സ്വന്തം പാന്റ്‌സ് ഉപയോഗിച്ചാണ് പ്രതി തൂങ്ങിമരിച്ചതെന്ന് പൊലീസ് അറിയിച്ചു.മുംബൈയിലെ അന്ധേരി പൊലീസ് സ്‌റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. അന്ധേരി കോടതി പ്രതിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടതായിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ദിവസമാണ് മരണം.
അന്ധേരി മരോളിലെ എൻ.ജി. കോംപ്ലക്സിലെ ഫ്ലാറ്റിനുള്ളിൽ കഴിഞ്ഞ ഞായറാഴ്ചയാണ് രുപാൽ ഒഗ്രേ കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൗസിങ് സൊസൈറ്റി ശുചീകരണജീവനക്കാരനായ വിക്രം അത്‌വൽ പിടിയിലാവുകയായിരുന്നു. രുപാൽ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ ജീവനക്കാരനായിരുന്നു ഇയാൾ.
ഏതാനുംദിവസങ്ങൾക്കുമുമ്പ് ഇയാളെ രുപാൽ ശകാരിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രതി കൊലപാതകം നടത്തിയത് എന്നായിരുന്നു പ്രാഥമികനിഗമനം. വീട് വൃത്തിയാക്കാനെന്ന പേരിലായിരുന്നു വിക്രം യുവതിയുടെ ഫ്ലാറ്റിൽ കയറിയത്. പിന്നീട് കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. കസ്റ്റഡിയിലുണ്ടായിരുന്ന ആദ്യദിവസം തന്നെ പ്രതിയുമായി കൊലപാതകം നടന്ന സ്ഥലത്തെത്തി പൊലീസ് തെളിവെടുത്തിരുന്നു. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും ഇവിടെനിന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.