മുംബൈ: മുംബൈ ആഡംബരക്കപ്പൽ ലഹരിക്കേസിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ദസറ അവധിക്കുശേഷം ഈമാസം 20ന് വിധി പ്രഖ്യാപിക്കുമെന്ന് ജഡ്ജ് വി.വി. പാട്ടീൽ അറിയിച്ചു. അതുവരെ ആര്യൻ ഖാൻ ജയിലിൽ കഴിയണം. അതിനിടെ, ക്വാറന്‍റീൻ കഴിഞ്ഞ സാഹചര്യത്തിൽ ആര്യൻ ഖാനെ സാധാരണ സെല്ലിലേക്ക് മാറ്റി.
വാട്സാപ്പ് ചാറ്റുകൾ ദുർബലമായ തെളിവുകൾ ആണെന്നും ആര്യൻ ഖാന് ക്രിമിനൽ പശ്ചാത്തലമില്ലാത്തത് കോടതി പരിഗണിക്കണമെന്നും അഭിഭാഷകൻ അമിത് ദേശായി വാദിച്ചു. 'ഇത് തികച്ചും ജാമ്യം അനുവദിക്കാവുന്ന ഒരു കേസാണ്. അത് നിഷേധിക്കുന്നതിലൂടെ ഒരു യുവാവിന്‍റെ സ്വാതന്ത്ര്യത്തെ കവർന്നെടുക്കരുത്. അന്വേഷണത്തിന് എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന നിബന്ധനയോടെ കോടതിക്ക് ജാമ്യം അനുവദിക്കാവുന്നതാണ്. ഈ കേസിൽ ഒരുപാട് കാര്യങ്ങൾ ഇനിയും പരിഗണിക്കാനുണ്ട്. കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന വാദം നടക്കുന്ന ഘട്ടമല്ല ഇത്. ജാമ്യം അനുവദിക്കണമെന്ന വാദം മാത്രമാണ് ഇേപ്പാൾ നടക്കുന്നത്' -അമിത് ദേശായി വാദിച്ചു. ആര്യന് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ ആര്യൻ ഖാൻ കപ്പലിൽ തന്നെ ഉണ്ടായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകൻ വാദിച്ചിരുന്നു. പരിശോധന നടക്കുമ്പോൾ ആര്യൻ ഖാൻ കപ്പലിൽ ചെക്-ഇൻ ചെയ്തിട്ടുപോലും ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കുകയോ ആര്യൻ ഖാന്‍റെ കയ്യിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല. ആര്യൻ ഖാൻ കൈയിൽ പണം കരുതിയിരുന്നില്ല. അതിനാൽ തന്നെ ലഹരിമരുന്ന് വാങ്ങാൻ കഴിയുമായിരുന്നില്ലെന്നും അഭിഭാഷകൻ വാദിച്ചു.
ഒക്ടോബർ മൂന്നിന് പുലർച്ചെയാണ് മുംബൈയിൽ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെയും സുഹൃത്തുക്കളെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.
അതേസമയം, ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിന്നീട് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ആര്യന്‍റെ വാട്സാപ്പ് ചാറ്റുകൾ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എൻ.സി.ബി വാദിച്ചത്. ഇതോടെയാണ് ആര്യന് ജാമ്യം നിഷേധിക്കപ്പെട്ടത്. ആര്യന്‍റെ സുഹൃത്തുക്കളായ അർബാസ് സേഥ് മർച്ചന്‍റിൽ നിന്ന് ആറ് ഗ്രാം ചരസും മുൺമുൺ ധമേച്ചയിൽ നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയിരുന്നു.
ആര്യനെ കേസിൽ കുടുക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദവും ശക്തമാണ്. മഹാരാഷ്ട്രയിലെ എൻ.സി.പി മന്ത്രി നവാബ് മാലിക് ഉൾപ്പെടെ ഇത്തരമൊരു ആരോപണമാണ് ഉന്നയിച്ചത്. കപ്പലിലെ പരിശോധനയിൽ എൻ.സി.ബിയോടൊപ്പം ബി.ജെ.പി നേതാവായ മനീഷ് ഭനുഷാലിയും സ്വകാര്യ ഡിറ്റക്ടീവായ കെ.പി. ഗോസാവിയും പങ്കെടുത്തിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. എന്നാൽ, ഇവർ ഇരുവരും സാക്ഷികളാണെന്നാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.