ന്യൂഡൽഹി: അവസാന പ്രഭാത ആശംസയും നേർന്ന് കോവിഡ് മുൻനിര പോരാളിയായ ഡോക്ടർ മരണത്തിലേക്ക്. മരണത്തെ മുഖാമുഖം കാണുന്നുവെന്ന അവസാന ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് മുംബൈയിലെ 51കാരിയായ ഡോ. മനീഷ ജാദവ് മരണത്തിന് കീഴടങ്ങിയത്.
'ഇതെന്‍റെ അവസാന പ്രഭാത ആശംസയായിരിക്കാം. ഇവിടെ ഇനി നമ്മൾ കണ്ടുമുട്ടിയെന്ന് വരില്ല. എല്ലാവരും സുഖമായിരിക്കുക. എന്‍റെ ശരീരം മരിച്ചു. ആത്മാവ് വിട്ടുപോയിട്ടില്ല, അത് അനശ്വരമാണല്ലോ' -ഞായറാഴ്ച മനീഷ േഫസ്ബുക്കിൽ കുറിച്ചു.
സെവ്രി ടി.ബി ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസറായിരുന്നു അവർ. ക്ലിനിക്കൽ, അഡ്മിനിസ്ട്രേഷൻ ചുമതലയും അവർ വഹിച്ചിരുന്നു.
കോവിഡ് ബാധിതയായതിനെ തുടർന്ന് ചികിത്സയിലായിരുന്ന മനീഷക്ക് തന്‍റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നു. തുടർന്നാണ് അവർ ഫേസ്ബുക്കിൽ തന്‍റെ അവസാന കുറിപ്പ് പങ്കുവെച്ചത്. പിറ്റേദിവസം അവർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകരിൽ കോവിഡ് രണ്ടാം തരംഗത്തിന് ശേഷം മരണപ്പെടുന്ന ആദ്യയാളാണ് മനീഷയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിൽ ഏകദേശം 18,000 ഡോക്ടർമാർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 168 പേർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.