പ്രശസ്ത മാധ്യമപ്രവർത്തക റാണാ അയ്യൂബിന് ഓൺലൈൻ വഴി ബലാത്സംഗ, വധ ഭീഷണികൾ ഉയർത്തിയ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. സമൂഹ മാധ്യമങ്ങളായ ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ ഭീഷണി ലഭിച്ചത്.
ഭീഷണി അയച്ച നാല് അജ്ഞാതർക്കെതിരെ മുംബൈ പൊലീസിന്റെ സൈബർ സെൽ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. തന്റെ ട്വിറ്റർ ഹാൻഡിലിലേക്കും മറ്റ് സോഷ്യൽ മീഡിയ പ്രൊഫൈലുകളിലേക്കും 26,000-ത്തിലധികം അധിക്ഷേപകരവും ആക്ഷേപകരവുമായ ട്വീറ്റുകൾ ലഭിച്ചതായി അയ്യൂബ് അറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. അയ്യൂബിനെ സൗദി അറേബ്യ വിലക്കിയിട്ടുണ്ടെന്ന് പറഞ്ഞ് പ്രതികൾ വ്യാജ വാർത്ത പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജനുവരി 25ന് റാണ അയ്യൂബ് ട്വിറ്ററിൽ കുറിച്ചു, "26400 ട്വീറ്റുകൾ, മിക്കതും അധിക്ഷേപകരവും ബലാത്സംഗം, വധഭീഷണിയുമാണ്, എന്നെ തീവ്രവാദ അനുഭാവി എന്ന് വിളിക്കുന്നു. വലതുപക്ഷ തീവ്ര ദേശീയവാദികളാണ് ഇതിന് പിന്നിൽ". റാണ അയ്യൂബിന് ട്വിറ്ററിൽ 1.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 3,20,000 ഫോളോവേഴ്‌സും ഉണ്ട്. ആർ.എസ്.എസ്, ബി.ജെ.പി, ഹിന്ദുത്വ തീവ്രവാദികൾ എന്നിവർക്കെതിരെ നിരന്തരം നിലപാടുകളെടുക്കുന്ന റാണക്കെതിരെ നിരന്തരം ആക്രമണങ്ങളും കേസുകളും ഉണ്ടാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.