ന്യൂഡൽഹി: ഗുജറാത്തിൽ തൂക്കു പാലം തകർന്ന് 141 പേർ മരിക്കാനിടയായ സംഭവത്തിൽ മോർബി നഗരസഭാ അധ്യക്ഷനെ പൊലീസ് നാലു മണിക്കൂർ ചോദ്യം ചെയ്തു. നഗരസഭാ ചെയർമാൻ സന്ദീപ് സിൻഹ് സാലയെയാണ് ചോദ്യം ചെയ്തത്. 150 വർഷത്തോളം പഴക്കമുള്ള തൂക്കുപാലം അറ്റകുറ്റപ്പണിക്കായി ഗുജറാത്തിലെ വാച്ച് കമ്പനി ഒറേവക്ക് നൽകിയപ്പോൾ ഒപ്പുവെച്ച കരാറിന്റെ യഥാർഥ കോപ്പി ഹാജരാക്കാൻ നഗരസഭാ അധ്യക്ഷനോട് പൊലീസ് ആവശ്യപ്പെട്ടു.
പാലം അറ്റകുറ്റപ്പണിക്കായി കരാറെടുത്തവർ ഇത്തരം ജോലികൾക്ക് യോഗ്യതയുള്ളവരല്ല. സബ് കോൺട്രാക്ട് നൽകിയവർ അറ്റകുറ്റപ്പണി എന്ന പേരിൽ പെയ്ന്റിങ് മാത്രമാണ് നടത്തിയത്. ഇതേ കമ്പനിക്ക് 2007ലും കരാർ നൽകിയിരുന്നു.
ഒറേവയുമായുള്ള കരാർ ഒപ്പുവെക്കുന്ന വേളയിൽ, പാലത്തിൽ എത്ര പേരെ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുമെന്ന് അവർ വ്യക്തമാക്കിയിരുന്നോ എന്നതായിരുന്നു പൊലീസ് സാലയോട് ചോദിച്ച പ്രധാന ചോദ്യങ്ങളിലൊന്ന്. ലേലം നടത്താതെ നേരിട്ടാണ് ഒറേവയുമായി കരാർ ഒപ്പിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിൽ ഒറേവ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഒമ്പതു പേർ അറസ്റ്റിലായിട്ടുണ്ട്. പാലത്തിൽ തിരക്ക് നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ഒറേവ ജീവനക്കാരും സുരക്ഷാ ജീവനക്കാരുമാണ് കേസിൽ അറസ്റ്റിലായവർ.
ഒറേവ ഗ്രൂപ്പിന്റെ അജന്ത മാനുഫാക്‌ചറിങ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള ഉന്നത അധികാരികൾക്ക് ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ വൻ സ്വാധീനമുണ്ട്. അതിനാൽ അവരെയൊന്നും തൊടാതെ താഴെക്കിടയിലെ ജീവനക്കാരെ പൊലീസ് ബലിയാടാക്കുകയാണെന്ന് ആരോപണമുണ്ട്.
ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. ആരെയും സംരക്ഷിക്കാനല്ല ശ്രമിക്കുന്നതെന്നും യഥാർഥത്തിൽ നഗരസഭയും ഇത്തരത്തിലുള്ള പദ്ധതിക്ക് യാതൊരു മുൻ പരിചയവുമില്ലാത്ത ഒരു സ്ഥാപനവും തമ്മിൽ ഒപ്പിട്ട കരാറിന്റെ വിവിധ വശങ്ങൾ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
'ഞങ്ങൾ എല്ലാ വശങ്ങളും അന്വേഷിക്കുകയാണ്. ആരംഭം മുതൽ അപകടം വരെയുള്ള സംഭവങ്ങൾ പുനഃപരിശോധിക്കുകയാണ്. വിഷയത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവർക്കുമെതിരെ നടപടിയെടുക്കും' മോർബി പൊലീസ് മേധാവി രാഹുൽ ത്രിപാഠി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ പ്രഥമ വിവര റിപ്പോർട്ടിൽ ഒറേവയുടെയും അജന്ത മാനുഫാക്‌ചറിങ്ങിന്റെയും ഉടമയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. രണ്ട് മാസത്തിനുള്ളിൽ ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
മോർബി തൂക്കു പാലം തകരാൻ ഇടയായത് ജനങ്ങളുടെ വൻ തിരക്കാണ് കാരണമെന്ന് ഗുജറാത്ത് ഫോറൻസിക് ലബോറട്ടറി വൃത്തങ്ങൾ അറിയിച്ചു. കരാറുകാരൻ പാലത്തിൽ പുതിയ ടൈലുകൾ പാകിയെങ്കിലും പഴയ കയറുകൾ മാറ്റിയിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.