ബംഗളൂരു: വിചാരണ നേരിടുന്ന കൊലക്കേസ് പ്രതിക്ക് ലോഡ്ജിൽ കാമുകിക്കൊപ്പം സമയം ചെലവഴിക്കാൻ സൗകര്യം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കർണാടകയിലെ ധാർവാഡയിലാണ് സംഭവം. കൊലപാതക കേസിൽ നിലവിൽ വിചാരണ നേരിടുന്ന ബച്ചാ ഖാനെയാണ് കാമുകിക്കൊപ്പം ലോഡ്ജിൽ ചെലവിടാൻ പൊലീസ് അനുവദിച്ചത്. കൊലക്കേസ് പ്രതിക്ക് വേണ്ടി പൊലീസ് ലോഡ്ജിന് പുറത്ത് കാവൽ നിന്നതായും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവം പുറത്തറിഞ്ഞതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
സ്വത്ത് തർക്കത്തിന്റെ പേരിൽ ഇർഫാൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയാണ് ബച്ചാ ഖാൻ. ഇയാളെ ബല്ലാരി പൊലീസ് ധാർവാഡിലെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് കാമുകിയോടൊപ്പം ലോഡ്ജിൽ താമസിക്കാൻ അനുവദിച്ചതെന്നാണ് ആരോപണം.
ബംഗളുരു സ്വദേശിയായ ബച്ചാ ഖാന്റെ കാമുകിയാണ് ധാർവാഡയിലെത്തി ലോഡ്ജിൽ മുറിയെടുത്തത്. എന്നാൽ ഇതിനെക്കുറിച്ച് വിദ്യാഗിരി പൊലീസിന് വിവരം ലഭിച്ചു. ഇവര്‍ ലോഡ്ജില്‍ റെയ്ഡ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഈ സമയത്ത് ഹോട്ടലിൽ കാവലിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്‌നഗറിൽ പൊലീസ് വാനിനുള്ളിൽ ഇരുന്നു ജന്മദിന കേക്ക് മുറിക്കുന്ന ഒരു കൊലപാതക കേസ് പ്രതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി പേർ പൊലീസിന്റെ പ്രവർത്തനത്തെ രൂക്ഷമായി ചോദ്യം ചെയ്ത് രംഗത്തെത്തി. കൊലക്കേസിൽ പ്രതിയായ റോഷൻ ഝാ ജയിലിലാണ്. ഉല്ലാസ് നഗർ നിവാസിയായ റോഷൻ ഝാ ഗുണ്ടാസംഘത്തിന്റെ ഭാഗമായുള്ള ആളാണ്. കൂടാതെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് ഇയാളെ ജയിലിൽ നിന്ന് കല്യാണിലെ കോടതിയിലേക്ക് കൊണ്ടുവരവേ പൊലീസ് വാനിനുള്ളിൽ ഇരുന്നുകൊണ്ട് ഇയാൾ ബർത്ത് ഡേ കേക്ക് മുറിക്കുകയായിരുന്നു.
റോഷൻ ഝാ കേക്ക് മുറിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ അനുയായികൾ പകർത്തുകയും പിന്നീട് ഇത് അവരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.