ഷാജഹാൻപുർ: ഉത്തർപ്രദേശിലെ ബറേലി സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരൻ സമൂഹ മാധ്യമങ്ങളിൽ ലൈവ് വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ മൂന്ന് വാർഡന്മാർക്ക് സസ്പെൻഷൻ. ആസിഫ് എന്ന പ്രതിയാണ് സമൂഹ മാധ്യമങ്ങളിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്.
‘ഇവിടം സ്വർഗമാണ്, ഞാൻ ആസ്വദിക്കുകയാണ്’ എന്ന് രണ്ട് മിനിട്ട് ദൈർഘ്യമുള്ള വിഡിയോയിൽ ആസിഫ് പറയുന്നുണ്ട്. 2019ൽ പൊതുമരാമത്ത് വകുപ്പ് കരാറുകാരൻ രാകേഷ് യാദവിനെ (34) പട്ടാപ്പകൽ വെടിവെച്ചുകൊന്ന കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസിലെ മറ്റൊരു പ്രതിയായ രാഹുൽ ചൗധരിയും തടവുശിക്ഷ അനുഭവിക്കുന്നുണ്ട്.
വിഡിയോ ശ്രദ്ധയിൽപെട്ട രാകേഷ് യാദവിന്റെ സഹോദരൻ ജില്ലാ മജിസ്ട്രേറ്റിന് രേഖാമൂലം പരാതി നൽകുകയായിരുന്നു. പ്രതികൾക്ക് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്ന് ജയിൽ അഡ്മിനിസ്ട്രേഷൻ സംഭവത്തിൽ അന്വേഷണം നടത്തി വാർഡന്മാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. രവിശങ്കർ ദ്വിവേദി, ഹൻസ് ജീവ് ശർമ, ഗോപാൽ പാണ്ഡെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.