മുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷിച്ച പൊലിസ് ഇൻസ്പെക്ടർ ജ്ഞാനേശ്വർ ഗനോരെയുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൻ സിദ്ധാന്ത് ഗനോരെയെ കോടതി പൊലിസ് കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച ജോധ്പൂരിൽ പിടിയിലായ സിദ്ധാന്തിനെ വെള്ളിയാഴ്ച മുംബൈയിലെത്തിച്ച് ബാന്ദ്രയിലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജൂൺ രണ്ട് വരെയാണ് പൊലീസ് കസ്റ്റഡി. സാന്താക്രൂസിലെ പ്രഭാത് അപാർട്ട്മെൻറിലെ ഫ്ലാറ്റിൽ ബുധനാഴ്ച പുലർച്ചെ 3.30നാണ് ജ്ഞാനേശ്വർ ഗനോരെയുടെ ഭാര്യ ദീപാലിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ ശേഷം സിദ്ധന്ത് നാടുവിടുകയായിരുന്നു.
മുംബൈയിൽ നിന്ന് പല ട്രെയിനുകളിൽ യാത്ര ചെയ്ത് സിദ്ധാന്ത് ആദ്യം ജയ്പൂരിലേക്കും പിന്നീട് ജോധ്പുരിലേക്കും പോകുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ജോധ്പൂർ പൊലീസ് പിടികൂടി മുംബൈ പൊലീസ് സംഘത്തിന് കൈമാറുകയായിരുന്നു.
അമ്മയെ കൊന്നത് താനാണെന്ന് സിദ്ധാന്ത് സമ്മതിച്ചതായി പൊലിസ് വൃത്തങ്ങൾ പറഞ്ഞു. അമ്മ നിത്യവും താനുമായും അച്ഛനുമായും വഴക്കിടാറുണ്ടെന്നും തെൻറ പഠനവുമായി ബന്ധപ്പെട്ട പ്രോഗ്രസ് റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ സഹികെട്ട് വകവരുത്തിയതാണെന്നുമത്രെ സിദ്ധാന്ത് മൊഴി നൽകിയത്. ദീപാലി കുത്തേറ്റ് വീണിടത്ത് അവരുടെ രക്തം കൊണ്ട് ‘ഇവരെ കൊണ്ട് സഹികെട്ടു. എന്നെ പിടികൂടൂ. തൂക്കികൊല്ലൂ’എന്ന് എഴുതിയിരുന്നു. പുഞ്ചിരിയുടെ അടയാളവും വരച്ചിരുന്നു.
കഴുത്തിനും വയറിനുമായി ഒമ്പത് കുത്തുകളാണ് ദീപാലിയുടെ ശരീരത്തിലുണ്ടായിരുന്നത്. മൽപിടുത്തത്തിനിടെ കൈയ്യിലും ആഴത്തിലുള്ള മുറിവുകളേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.