ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം മുസ്‌ലിംകൾക്കെതിരായ ആക്രമണം വർധിച്ചു -ആശങ്ക ഉന്നയിച്ച് മുസ്‌ലിം സംഘടനകൾ

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് മുസ്‌ലിംകൾക്കെതിരായ ആക്രമണം വർധിച്ചതായി മുസ്‌ലിം സംഘടനകൾ. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് എന്നീ സംഘനടകളാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്. മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള ആൾകൂട്ട കൊലപാതകങ്ങളും വിദ്വേഷ അക്രമങ്ങളും നേരിടാൻ പ്രത്യേക നിയമം കൊണ്ടുവരുന്നതടക്കം മുസ്‌ലിം സംഘടനകൾ സർക്കാറിൽനിന്ന് അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ വർഗീയ കലാപങ്ങളിലും ആൾകൂട്ട കൊലപാതകങ്ങളിലും കെട്ടിടങ്ങൾ തകർക്കുന്നതിലും ഭയപ്പെടുത്തുന്ന വർധന ഉണ്ടായെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസ്താവനയിൽ പറഞ്ഞു. ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, തെലങ്കാന, ഒഡീഷ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് -പ്രസ്താവനയിൽ പറയുന്നു.

ജൂൺ 7 നും ജൂലൈ 5 നും ഇടയിൽ മധ്യപ്രദേശിലും ഉത്തർപ്രദേശിലും പത്തോളം ആൾക്കൂട്ടക്കൊലപാതകങ്ങളും, ബുൾഡോസർ നടപടികളും തുടർന്നുള്ള നിർബന്ധിത കുടിയൊഴിപ്പിക്കലുകളും രേഖപ്പെടുത്തിയിരിക്കുന്ന അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എ.പി.സി.ആർ) പുറത്തിറക്കിയ റിപ്പോർട്ടും നേതാക്കൾ പുറത്തുവിട്ടു.

ഇത്തരം സംഭവങ്ങൾ തടയാൻ കർശനമായ നിയമം കൊണ്ടുവരാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് പ്രസിഡന്‍റ് അർഷദ് മദനി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവെന്ന നിലയിൽ പാർലമെന്‍റിലെ തന്‍റെ ആദ്യ പ്രസംഗത്തിൽ തന്നെ രാഹുൽ ഗാന്ധി അക്രമത്തിനും വിദ്വേഷത്തിനും എതിരെ ശബ്ദമുയർത്തിയതിൽ സന്തോഷമുണ്ട്. മറ്റു പ്രതിപക്ഷ നേതാക്കളും അക്രമത്തിനും വിദ്വേഷത്തിനും അനീതിക്കുമെതിരെ പാർലമെന്‍റിൽ ശബ്ദമുയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അർഷദ് മദനി പറഞ്ഞു.

Tags:    
News Summary - Muslim bodies raise alarm after 12 lynchings since Lok Sabha polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.