ബംഗളൂരു: 2024 തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുമായി സഖ്യത്തിലെത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജി വെച്ച് ജനതാദൾ സെക്യുലർ ഉപാധ്യാക്ഷൻ ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ. കഴിഞ്ഞ ദിവസമാണ് സഖ്യവുമായി ബന്ധപ്പെട്ട് ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എച്ച്.ഡി കുമാരസ്വാമി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായും കേന്ദ്ര ആബ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംഭവം പുറത്തുവന്നതിന് പിന്നാലെ കുമാരകൃപ ഗസ്റ്റ് ഹൗസിലെത്തിയ പാർട്ടിയിലെ മുസ്‌ലിം നേതാക്കൾ രാജി പ്രഖ്യാപിക്കുകയായിരുന്നു.
ബി.ജെ.പിയുമായി സഖ്യം കൈകോർത്തതിനാൽ സഖ്യം അവസാനിക്കുന്നത് വരെ പാർട്ടിയിൽ നിന്നും വിട്ടുനിൽക്കുകയാണ് എന്ന് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സയ്യിദ് ഷാഫിയുള്ള സാഹിബ് പറഞ്ഞു. പല മുസ്‌ലിം നേതാക്കളും വിഷയത്തിൽ അതൃപ്തരാണ്. ഒരു സെക്യുലർ പാർട്ടിയായിരിക്കെ ഇത്തരമൊരു സഖ്യത്തെ അംഗീകരിക്കാനാകില്ലെന്നും മുസ്ലിങ്ങൾക്ക് പുറമെ പല സെക്യുലർ ഹിന്ദുക്കളും വിഷയത്തിൽ അതൃപ്തരാണെന്നും ഷാഫിയുള്ള കൂട്ടിച്ചേർത്തു. ഇദ്ദേഹത്തിന് പുറമെ മുൻ മന്ത്രി എൻ.എം. നബി, ന്യൂഡൽഹി ഘടകം മുൻ വക്താവ് മോഹിദ് അൽതാഫ്, യൂത്ത് വിങ് പ്രസിഡന്‍റ് എൻ.എം നൂർ, മുൻ ന്യൂനപക്ഷ കാര്യ മേധാവി നാസിർ ഹുസൈൻ ഉസ്താദ് എന്നിവരാണ് രാജിപ്രഖ്യാപിച്ചത്. കോൺഗ്രസിന് ബദലെന്ന വ്യാജേന മുസ്‌ലിം വോട്ടുകൾ നേടചി നിലനിന്നിരുന്ന പാർട്ടിക്ക് പുതിയ തീരുമാനം തിരിച്ചടിയാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.