ഹരിയാന അക്രമത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം ലീഗ്

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും തുടരുന്ന വർഗീയ അക്രമങ്ങൾ രാജ്യത്തെ ആശങ്കയിലാക്കിയിരിക്കേ, അക്രമം പടരാതിരിക്കുന്നതിനും കുറ്റക്കാരെ പിടികൂടുന്നതിനും നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്. ഈ വിഷയത്തിൽ ലീഗ് എം.പിമാർ ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. സഭാ സ്തംഭനത്തിനിടയിൽ പരിഗണിക്കാനായില്ല.

പള്ളിക്കകത്തുകയറി തീയിട്ട സംഭവം വരെ അവിടെ ഉണ്ടായിട്ടുണ്ടെന്ന് ലീഗ് എം.പിമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സർക്കാർ ഉത്തരവാദിത്തപൂർവം പ്രവർത്തിക്കാത്തതാണ് കുഴപ്പങ്ങൾ വ്യാപിക്കാൻ കാരണം. അവിടത്തെ ഉപ മുഖ്യമന്ത്രി തന്നെ പറഞ്ഞത്, വിശ്വഹിന്ദു പരിഷത്തിന്റെ ബ്രജ്മണ്ഡൽ ജലഭിഷേക് യാത്ര ഗവൺമെന്റിനെപ്പോലും അറിയിക്കാതെ നടത്തിയെന്നാണ്. നൂഹിലെ സംഘർഷം സമീപപ്രദേശങ്ങളായ ഗുരുഗ്രാം, ഫരീദാബാദ്, പൽവൽ തുടങ്ങിയ സ്ഥലങ്ങളിലേക്കും പടർന്നിട്ടുണ്ട്. പരിസരത്തെ ചേരി പ്രദേശങ്ങളിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് അവിടം വിട്ട് ഓടേണ്ടി വന്നു.

ഗ്യാൻ വാപിയിൽ ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിന്റെ ആശിർവാദത്തോടെ നടക്കുന്ന കാര്യങ്ങൾ കൂടി വിലയിരുത്തുമ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ അവർ ഉപയോഗിക്കാൻ പോകുന്ന ഏറ്റവും വലിയ ആയുധം വർഗീയത തന്നെയാണെന്ന് ബോധ്യപ്പെടുമെന്ന് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ പറഞ്ഞു.

യു.പിയിലെ മൂന്ന് ജില്ലകളിൽ ജാഗ്രത

സഹാറൻപുർ: ഹരിയാനയിലെ നൂഹ് ജില്ലയിലെ സംഘർഷ പശ്ചാത്തലത്തിൽ അയൽ സംസ്ഥാനമായ ഉത്തർ പ്രദേശിലെ മൂന്ന് ജില്ലകളിൽ ജാഗ്രത. സഹാറൻപൂർ, ഷംലി, മുസഫർ നഗർ ജില്ലകളിലാണ് അധിക പൊലീസിനെ വിന്യസിച്ചത്. ഇരു സംസ്ഥാനങ്ങളും അതിർത്തി പങ്കിടുന്ന ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി. 

Tags:    
News Summary - Muslim League expresses concern over Haryana violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.