മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ബീഫ് കടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം 32കാരനെ തല്ലിക്കൊന്ന സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ. കുർല സ്വദേശിയായ അഫാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ ആര്‍.എസ്.എസ്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഗോ രക്ഷകര്‍ എന്നവകാശപ്പെടുന്ന 26ഓളം പേര്‍ ചേര്‍ന്നാണ് കൊല്ലപ്പെട്ട അഫാന്‍ അന്‍സാരിയേയും ഒപ്പമുണ്ടായിരുന്ന നസീര്‍ ഷെയ്ഖിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചതെന്ന് അഫാന്ന്‍റെ സഹോദരനായ മുഹമ്മദ് അസ്ഗര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അഫാന്‍ അന്‍സാരിയേയും നസീര്‍ ഷെയ്ഖിനെയും കാറിൽ സഞ്ചരിക്കവേയാണ് ഒരുസംഘം ആളുകൾ ആക്രമിച്ചത്. ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഫാൻ മരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ‘കാറില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയില്ല. എന്നാല്‍ വിവരമറിഞ്ഞ് ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ കാര്‍ തകര്‍ത്ത നിലയിലായിരുന്നു. സംഭവസ്ഥലത്ത് നിന്ന് അകലെയുള്ള ഒരു സ്ഥലത്തേക്ക് തട്ടിക്കൊണ്ടു പോയാണ് മൂന്ന് മണിക്കൂറോളം നേരം ആക്രമിച്ചത്’-മുഹമ്മദ് അസ്ഗര്‍ പറയുന്നു.
‘കയറുകൊണ്ട് കയ്യും കാലും കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം നേരം പൊതിരെത്തല്ലി. വണ്ടിയുടെ സ്റ്റെപ്പിനി, മുള വടി, ഇരുമ്പ് ദണ്ഡുകള്‍ എന്നിവ ഉപയോഗിച്ചാണ് ഞങ്ങളുടെ കുട്ടികളെ അവര്‍ അടിച്ചത്. ഗുരുതരമായി പരിക്കേറ്റ നസീര്‍ ഷെയ്ഖിന് ആശുപത്രി അധികൃതര്‍ മതിയായ ചികിത്സ നല്‍കുന്നില്ല. സര്‍ക്കാര്‍ അക്രമികളെ രക്ഷപ്പെടുത്തുകയാണ്. ആര്‍.എസ്.എസിനെയും ബജ്‌റംഗ് ദളിനെയും അവര്‍ അഴിച്ച് വിട്ടിരിക്കുകയാണ്’ -മുഹമ്മദ് അസ്ഗര്‍ പറഞ്ഞു.
സംഭവത്തിൽ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കൈവശമുണ്ടായിരുന്നത് ബീഫ് ആണോ അല്ലയോ എന്ന് ലാബ് പരിശോധന ഫലം വന്നാൽ മാത്രമേ അറിയാൻ സാധിക്കൂവെന്നും പൊലീസ് പറയുന്നു. മഹാരാഷ്ട്രയിൽ ഗോവധ നിരോധന നിയമം നടപ്പാക്കുന്നതിനായി കമ്മീഷൻ രൂപീകരിക്കാനുള്ള നിർദേശത്തിന് ഇക്കഴിഞ്ഞ മാർച്ചിൽ സർക്കാർ അംഗീകാരം നൽകിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ നസീര്‍ ഷെയ്ഖിനെ മുംബൈയിലെ ആര്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘ആര്‍.എസ്.എസും ബജ്‌റംഗ് ദളും ഇത്തരത്തില്‍ ആക്രമണം തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ ആവശ്യമെന്താണെന്ന് മറ്റൊരു ബന്ധു ചോദിച്ചു. ‘കൊല്ലപ്പെട്ട അഫാന്‍ അന്‍സാരിയുടെ മക്കളുടെയും ഭാര്യയുടെയും ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഞങ്ങളുടെ കുട്ടികള്‍ക്കുണ്ടായ ഗതി ആര്‍ക്കും വരുത്തരുതെന്നാണ് പ്രാര്‍ത്ഥന’ -അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.