മുംബൈ: മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് ബോംബെ ഹൈകോടതി. മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇത് നിയമവിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിവാഹം ചെയ്യുന്നത് രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത താനെ മുനിസിപ്പിൽ കോർപറേഷന്‍റെ നടപടിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി.
മൂന്നാം വിവാഹത്തിനായി മുസ്‌ലിം പുരുഷൻ നൽകിയ അപേക്ഷ താനെ കോർപറേഷൻ തള്ളിയിരുന്നു. മഹാരാഷ്ട്ര വിവാഹ രജിസ്ട്രേഷൻ നിയമപ്രകാരം ഒരാൾക്ക് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കാട്ടിയായിരുന്നു വിവാഹ രജിസ്ട്രേഷൻ അപേക്ഷ തള്ളിയത്. അൾജീരിയൻ സ്വദേശിയായ സ്ത്രീയുമായുള്ള വിവാഹത്തിനായിരുന്നു താനെ സ്വദേശി അപേക്ഷിച്ചിരുന്നത്. ഇയാൾ നേരത്തെ മൊറോക്കോ സ്വദേശിനിയെ രണ്ടാംവിവാഹം ചെയ്തിരുന്നെന്നും താനെ കോർപറേഷൻ ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ബി.പി. കൊളാബവാല, ജസ്റ്റിസ് സോമശേഖരൻ സുന്ദരേശൻ എന്നിവരാണ് ഹരജി പരിഗണിച്ചത്. മുസ്‌ലിം വ്യക്തിനിയമപ്രകാരം പുരുഷന് നാല് വിവാഹം വരെ ഒരേസമയം രജിസ്റ്റർ ചെയ്യാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനെ മറികടക്കുന്നതല്ല മഹാരാഷ്ട്ര വിവാഹ രജിസ്ട്രേഷൻ നിയമം. വ്യക്തിനിയമങ്ങളാണ് വിവാഹ രജിസ്ട്രേഷനിൽ പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തുനൽകാൻ താനെ കോർപറേഷനോട് നിർദേശിച്ച കോടതി, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവാൻ സമയമെടുക്കുകയാണെങ്കിൽ അൾജീരിയൻ സ്വദേശിയായ വധുവിന് അതുവരേക്കും രാജ്യത്തുനിന്ന് പുറത്താക്കാതിരിക്കാൻ സംരക്ഷണമൊരുക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.