ന്യൂഡൽഹി: രാജ്യത്ത് വിദ്വേഷ രാഷ്ട്രീയത്തിന് ഇന്ധനം നൽകാൻ ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തെ മാത്രം പ്രത്യേകം ലക്ഷ്യമിട്ട് പൊതുതാൽപര്യ ഹരജികൾ എത്തുന്ന പ്രവണത രൂപപ്പെട്ടിരിക്കുന്നതായി മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. അനിയന്ത്രിതമായ ഇത്തരം ഹരജികൾ അനുവദിക്കരുതെന്ന് ബോർഡ് അപേക്ഷിച്ചു.
രാജ്യത്തെ ആരാധനാലയങ്ങൾക്ക് 1947ലെ തൽസ്ഥിതി ഉറപ്പുവരുത്തുന്ന 1991ലെ 'ആരാധന സ്ഥല നിയമം' പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ കക്ഷിചേരാൻ സമർപ്പിച്ച അപേക്ഷയിലാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ഇക്കാര്യം ബോധിപ്പിച്ചത്. പബ്ലിസിറ്റി സ്റ്റണ്ട് എന്ന നിലക്കാണ് ഇത്തരത്തിലുള്ള പല പൊതുതാൽപര്യ ഹരജികളും വരുന്നതെന്നും പുനഃപരിശോധന ആവശ്യമുന്നയിച്ച പൊതുതാൽപര്യ ഹരജിയിൽ എതിർകക്ഷിയാകാനുള്ള അപേക്ഷയിൽ ബോർഡ് കുറ്റപ്പെടുത്തി.
രാജ്യത്ത് ക്രമസമാധാന ഭംഗം തടയാനും മതേതരത്വത്തിന്റെ അടിസ്ഥാന സവിശേഷതകൾ ശക്തിപ്പെടുത്താനുമുണ്ടാക്കിയതാണ് 1991ലെ നിയമം. ബാബരി മസ്ജിദ് തർക്കത്തിന്റെ പേരിലുണ്ടായ രക്തച്ചൊരിച്ചിൽ ഉദാഹരണമായി എടുത്തുകാട്ടിയ ബോർഡ് ആരാധനാലയവുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾക്ക് അന്ത്യം കുറിക്കാനാണ് 1991ൽ നിയമമുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടി.
വിവിധ സമുദായങ്ങൾ തമ്മിലുള്ള ആരാധന സ്ഥലം സംബന്ധിച്ച തർക്കം അത്യന്തം വൈകാരികവും സമാധാനജീവിതത്തെ അപകടത്തിലാക്കുന്നതുമാണ്. സമൂഹത്തിന്റെ സാമൂഹിക ചട്ടക്കൂടിനെ തകർക്കുന്നതും മതാടിസ്ഥാനത്തിൽ ജനങ്ങളെ ധ്രുവീകരിക്കുന്നതുമാണ് ഇത്തരം തർക്കങ്ങൾ. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തശേഷം രാജ്യം രക്തപ്പുഴകൾക്ക് സാക്ഷ്യംവഹിച്ചത് ബോർഡ് സുപ്രീംകോടതിയെ ഓർമിപ്പിച്ചു. വിവാദ ഹരജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.