ന്യൂഡൽഹി: മുസ്ലിംകൾക്ക് പൂർണമായും സംവരണാനുകൂല്യം ലഭിക്കണമെന്ന ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പരാമർശത്തെതുടർന്ന് വാക്പോര്. പട്ടികവിഭാഗത്തിന്റെയും ഒ.ബി.സിയുടെയും സംവരണം തട്ടിയെടുത്ത് മുസ്ലിംകൾക്ക് നൽകാനുള്ള ഇൻഡ്യ സഖ്യത്തിന്റെ ഗൂഢ പദ്ധതിയാണ് ഇതിലൂടെ വെളിവായതെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. എന്നാൽ, മതത്തിന്റെ പേരിലല്ല, സാമൂഹിക പിന്നാക്കാവസ്ഥ പരിഗണിച്ച് മുസ്ലിംകൾക്ക് സംവരണം അനുവദിക്കണമെന്നാണ് താൻ പറഞ്ഞതെന്ന് പിന്നീട് ലാലു വിശദീകരിച്ചു.
മോദിയുടെ നിരന്തര ആരോപണത്തിൽ പ്രതികരണം തേടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ‘മുസ്ലിംകൾക്കും പൂർണ സംവരണാനുകൂല്യം ലഭിക്കേണ്ടതല്ലേ’ എന്ന ലാലുവിന്റെ പരാമർശമാണ് വിവാദമായത്. ഇതിന്റെ ചുവടുപിടിച്ച് തെരഞ്ഞെടുപ്പ് റാലിയിൽ ലാലുവിനെതിരെ മോദി ആഞ്ഞടിച്ചു. അഴിമതിക്കേസിൽ ജയിലിലായി ജാമ്യത്തിലുള്ള ഇൻഡ്യ സഖ്യ നേതാവ് പട്ടികവിഭാഗക്കാരുടെ സംവരണം തട്ടിയെടുത്ത് മുസ്ലിംകൾക്ക് നൽകണമെന്നാണ് പറയുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാനാണ് 400 സീറ്റ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ മോദിയെക്കാൾ സീനിയറാണ് താനെന്ന് പ്രതികരിച്ച ലാലു, ബിഹാറിൽ മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയത് ആരാണെന്ന ചോദ്യമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.