മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രതീക്ഷയായി രാജ്യത്ത് ഉൽപാദനം ആരംഭിച്ച കോവിഡ് വാക്സിനെ ചൊല്ലി തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. പ്രചരിപ്പിക്കപ്പെടുന്ന പോലെ പന്നിയിറച്ചിയുടെ അംശം അടങ്ങിയാൽ പോലും പ്രതിരോധ മരുന്നാണെന്നതിനാൽ മതത്തിെൻറ വിലക്കുണ്ടാകില്ലെന്ന് സംഘടന വ്യക്തമാക്കി.
''മനുഷ്യജീവന് ഇസ്ലാം വലിയ വിലയാണ് കൽപിക്കുന്നത്. ജീവെൻറ സംരക്ഷണത്തിനാണ് വലിയ ഊന്നൽ. നിരോധിക്കപ്പെട്ട വസ്തു പൂർണമായി രൂപം മാറ്റി ഉപയോഗിച്ചാൽ വിലക്ക് നിലനിൽക്കില്ല. അതിനാൽ തന്നെ, മാംസം കഴിക്കൽ നിരോധിക്കപ്പെട്ട ഒരു ജന്തുവിെൻറ ശരീര ഭാഗങ്ങളിൽനിന്ന് വികസിപ്പിച്ച ജെലാറ്റിൻ കോവിഡ് വാക്സിനിൽ ഉപയോഗിച്ചാൽ വിലക്ക് നിലനിൽക്കില്ല''- സംഘടന വ്യക്തമാക്കി. ജീവിതവും മരണവും തമ്മിലെ വിഷയമാണിതെന്നും മറ്റു മാർഗങ്ങളില്ലെങ്കിൽ അനുവദനീയമാണെന്നും സംഘടന വൈസ് പ്രസിഡൻറ് സാലിം എഞ്ചിനിയർ പറഞ്ഞു.
കോവിഡ് വാക്സിൻ വാക്സിൻ നിർമാണത്തിൽ പന്നിയിറച്ചി ഉപയോഗിക്കുന്നില്ലെന്ന് നിർമാതാക്കളായ ഫൈസർ, മോഡേണ, ആസ്ട്രസെനിക എന്നിവ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവ സുരക്ഷിതമായി സൂക്ഷിക്കാൻ പന്നിയിറച്ചിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന ജെലാറ്റിൻ ആവശ്യമാണെന്ന് വ്യക്തമാണ്.
വിഷയത്തിൽ വ്യക്തത ആവശ്യപ്പെട്ട് മുംബൈയിലെ റസ അക്കാദമി കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടനക്ക് കത്തയച്ചിരുന്നു. ഏതൊക്കെ ഘടകങ്ങളാണെന്ന് അറിയൽ മാത്രമായിരുന്നു ലക്ഷ്യമെന്നും പന്നിയിറച്ചി ആവശ്യമില്ലാത്ത വാക്സിൻ ലഭ്യമെങ്കിൽ അത് ഉപയോഗിക്കുമെന്നും റസ അക്കാദമി ജനറൽ സെക്രട്ടറി സഈദ് നൂരി പറഞ്ഞു.
അതിനിടെ, മരുന്നിൽ പശുരക്തം ഉപയോഗിച്ചോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രസിഡൻറ് സ്വാമി ചക്രപാണി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിരുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് ദീക്ഷിത് കഴിഞ്ഞ ഡിസംബറിൽ കോവിഡ് വാക്സിൻ ബഹിഷ്കരണത്തിന് മുസ്ലിംകളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വാദങ്ങളും പ്രതിവാദങ്ങളും സജീവമായതിനൊടുവിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.