ന്യൂഡൽഹി: പുരുഷെൻറ താൽപര്യപ്രകാരം വിവാഹബന്ധം വേഗത്തിൽ വേർപ്പെടുത്തുന്ന മുത്തലാഖ് ശിക്ഷാർഹമാക്കി ഒാർഡിനൻസ് ഇറക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഒരുമിച്ച് മൂന്നു വട്ടം തലാഖ് ചൊല്ലി ഉടനടി വിവാഹബന്ധം അവസാനിപ്പിക്കുന്നതാണ് മുത്തലാഖ്. സുപ്രീംകോടതി വിലക്കിയ ശേഷവും മുത്തലാഖ് നിർബാധം നടക്കുന്നതിനാലാണ് പാർലമെൻറിനെ മറികടക്കുന്ന ഒാർഡിനൻസ് മാർഗം സ്വീകരിച്ചതെന്ന് സർക്കാർ വിശദീകരിച്ചു.
സുപ്രീംകോടതി വിധിയെ തുടർന്ന് മുത്തലാഖ് ശിക്ഷാർഹമാക്കുന്ന മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ, കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും എതിർക്കുന്നതിനാൽ കഴിഞ്ഞ സമ്മേളനത്തിൽ രാജ്യസഭയിൽ ചർച്ചക്കെടുക്കാൻ കഴിഞ്ഞില്ല. രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് മേൽകൈ.
രാജസ്ഥാൻ, മധ്യപ്രദേശ് അടക്കം നിയമസഭ തെരഞ്ഞെടുപ്പുകളും ലോക്സഭ തെരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തിൽ മുത്തലാഖ് ഒാർഡിനൻസ് ഇറക്കുന്നതിൽ ബി.ജെ.പിക്ക് വ്യക്തമായ വിഭാഗീയ, രാഷ്ട്രീയ ലക്ഷ്യമുണ്ട്. രാജ്യസഭയിൽ ബില്ലിന് വഴിമുടക്കിയ കോൺഗ്രസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ചെയ്തതെന്ന് മന്ത്രിസഭ യോഗത്തിനു ശേഷം നിയമമന്ത്രി രവിശങ്കർ പ്രസാദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സ്ത്രീകളുടെ അന്തസ്സിനും സമത്വത്തിനും വേണ്ടിയാണ് സർക്കാർ ഒാർഡിനൻസിലൂടെ മുന്നിട്ടിറങ്ങുന്നത്. വിശ്വാസവുമായി മുത്തലാഖിന് ബന്ധമില്ല. സുപ്രീംകോടതി വിലക്കിയ ശേഷവും മുത്തലാഖ് സമ്പ്രദായം തുടരുന്നതുകൊണ്ടാണ് ഒാർഡിനൻസ് എന്ന സവിശേഷാധികാരം സർക്കാർ പ്രയോഗിക്കുന്നത്. കോൺഗ്രസിനെ നയിക്കുന്നത് വനിതയായിട്ടും ബില്ലിനെ പാർലമെൻറിൽ അവർ പിന്തുണച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നുവർഷം വരെ തടവും പിഴയും ശിക്ഷ
മുത്തലാഖ് നടത്തുന്ന പുരുഷന് മൂന്നുവർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. സ്ത്രീക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും ജീവനാംശം. കുട്ടികൾ സ്ത്രീക്കൊപ്പം.
പരാതി രജിസ്റ്റർ ചെയ്യപ്പെട്ടാൽ മുത്തലാഖ് ജാമ്യമില്ലാത്ത കുറ്റം. പൊലീസിന് ജാമ്യം അനുവദിക്കാൻ കഴിയില്ല. എന്നാൽ, ഭാര്യക്ക് പറയാനുള്ളതു കേട്ടശേഷം കോടതിക്ക് ജാമ്യം അനുവദിക്കാം.
പരാതി നൽകേണ്ടത് സ്ത്രീയോ അല്ലെങ്കിൽ രക്തബന്ധമുള്ളവരോ വിവാഹം വഴിയുണ്ടായ ബന്ധുക്കളോ ആയിരിക്കണം. സ്വകാര്യ അന്യായമായി കണക്കാക്കും. പിന്നീട് സ്ത്രീ കോടതിയിൽ നടത്തുന്ന അപേക്ഷപ്രകാരം നിയമ നടപടികൾ അവസാനിപ്പിക്കാമെന്ന ഇളവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.