മുസഫർപുർ എം.പി അജയ് നിഷാദ് (നടുവിൽ) കോൺഗ്രസിൽ ചേർന്നപ്പോൾ

ബിഹാറിൽ ബി.ജെ.പി എം.പി പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു

പട്ന: ബിഹാറിൽ ബി.ജെ.പി എം.പി പാർട്ടിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. മുസാഫർപൂർ എം. പി അജയ് നിഷാദ് ആണ് രാജി പ്രഖ്യാപിച്ചത്. ബി.ജെ.പിയിലെ എല്ലാ സ്ഥാനങ്ങളിൽനിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവെച്ചതായി അജയ് നിഷാദ് അറിയിച്ചു.

ബി.ജെ.പി തന്നെ ചതിച്ചത് ഞെട്ടിച്ചുവെന്നും പാർട്ടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെക്കുകയാണെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ ടാഗ് ചെയ്തായിരുന്നു കുറിപ്പ്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതാണ് പാർട്ടി വിടാനുള്ള കാരണമെന്നാണ് റിപ്പോർട്ട്‌.

മുസഫർപൂരിൽനിന്ന് രണ്ടു തവണ പാർലമെന്റിലെത്തിയ അജയ് നിഷാദിനു പകരം മണ്ഡലത്തിൽ ഡോ. രാജ്ഭൂഷൺ നിഷാദിനെയാണ് ഇക്കുറി ബി.ജെ.പി സ്ഥാനാർഥിയായി മണ്ഡലത്തിൽ കളത്തിലിറക്കുന്നത്. കഴിഞ്ഞ തവണ രാജ്ഭൂഷണെ 4.10 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപിച്ചാണ് അജയ് നിഷാദ് ലോക്സഭയിലെത്തിയത്.

ഇക്കുറി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിഹാറിലെ സ്ഥാനാർഥികളെ ബി.​ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ആർ.കെ. സിങ്, നിത്യാനന്ദ് റായ്, ഗിരിരാജ് സിങ് എന്നിവർ യഥാക്രമം അറാ, ഉജിയാപുർ, ബെഗുസാരായ് മണ്ഡലങ്ങളിൽ ജനവിധി തേടും. മുൻ കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ് പട്ന സാഹിബിലും രാജീവ് പ്രതാപ് റൂഡി ശരണിലും രാ​ധാ മോഹൻ സിങ് പൂർവി ചമ്പാരനിലും സ്ഥാനാർഥികളാവും.

Tags:    
News Summary - Muzaffarpur MP Ajay Nishad quits BJP and joins Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.