ബംഗളൂരു അക്രമം; പൊലീസ് വേട്ടയാടലിന് ഇരയായെന്ന് മുസമ്മിൽ പാഷ

ബംഗളൂരു: ബംഗളൂരു അക്രമത്തിൽ ഭരണകൂടത്തിെൻറ സമ്മർദത്തെതുടർന്നുള്ള പൊലീസ് വേട്ടയാടലിന് ഇരയാകുകയായിരുന്നുവെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസമാണ് ഇതുവരെ മുന്നോട്ട് നയിച്ചതെന്നും എസ്.ഡി.പി.ഐ ബംഗളൂരു ജില്ല സെക്രട്ടറി മുസമ്മിൽ പാഷ. പ്രവാചക നിന്ദ പോസ്​റ്റിനെ തുടർന്ന്​ ബംഗളൂരു ഇൗസ്​റ്റ്​ മേഖലയിൽ കഴിഞ്ഞ വർഷം അരങ്ങേറിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട് പത്തുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ മുസമ്മിൽ പാഷയെ ഒന്നാം പ്രതിയായാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഡി.ജെ.ഹള്ളി, കെ.ജി. ഹള്ളി എന്നിവിടങ്ങളിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിൽ നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ ദിവസമാണ് മുസമ്മിൽ പാഷ ഉൾപ്പെടെയുള്ള 115 പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചത്. പുലികേശി നഗർ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരീ പുത്രനും ബി.ജെ.പി അനുയായിയുമായ പി. നവീൻ പ്രവാചകൻ മുഹമ്മദിനെ അവഹേളിക്കുന്ന വിധത്തിൽ ഫേസ്​ബുക്ക്​ പോസ്​റ്റിട്ടതാണ്​ അക്രമത്തിന്​ വഴിവെച്ചത്​. ഫേസ്ബുക്ക് പോസ്റ്റിെൻറ സ്ക്രീൻ ഷോട്ട് ശ്രദ്ധയിൽപെട്ട ഉടനെ പൊലീസുകാർക്ക് കൈമാറി വിഷയത്തിെൻറ ഗൗരവം അറിയിച്ചിരുന്നതാണെന്നും പൊലീസ് സ്റ്റേഷനിലെത്തി സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും മുസമ്മിൽ പാഷ പറഞ്ഞു.

എന്നാൽ, പൊലീസുകാരെ രക്ഷിക്കാൻ ശ്രമിച്ച താൻ ഉൾപ്പെടെയുള്ള എസ്.ഡി.പി.ഐ പ്രവർത്തകരെ പിറ്റേന്ന് പുലർച്ചെ അറസ്​റ്റ് ചെയ്യുകയായിരുന്നു. കോത്തന്നൂർ പൊലീസ് സ്​റ്റേഷനിലെത്തിച്ച് മർദിച്ചു. ബാത്ത്റൂമിലെ വെള്ളമാണ് കുടിക്കാൻ തന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി ജയിലിലായവരുടെ ഒറ്റവർ മരിച്ചിട്ടും അവസാനമായി കാണാനായിട്ടില്ല. പൊലീസ് അന്യായമായി പ്രതിചേർത്തവരുടെ കുടുംബാംഗങ്ങളെ വീട്ടുടമകൾ പുറത്താക്കി. പലരുടെയും ഭാര്യമാരുടെ ഗർഭം അലസി. ഇത്തരത്തിൽ നിരവധി പേരുടെ ജീവിതമാണ് ഭരണകൂട ഭീകരതുടെ ഫലമായി ഇല്ലാതായത്. രാഷ്​​ട്രീയ സമ്മർദം മൂലം പൊലീസുകാരും നിസഹായരായിരുന്നു.

എസ്.ഡി.പി.ഐയെയും തന്നെയും മനപൂർവം വേട്ടയാടുകയായിരുന്നു. എല്ലാ പീഡനങ്ങൾക്കിടയിലും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടായിരുന്നു. ജയിലിലുള്ളവർക്കു വേണ്ടിയും മറ്റുള്ളവർക്കും വേണ്ടി നിയമ പോരാട്ടം തുടരും. ഭരണഘടനക്കൊപ്പം നിന്നുകൊണ്ട് എസ്.ഡി.പി.ഐ പോസിറ്റീവ് രാഷ്​​ട്രീയം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Muzammil Pasha arrested under UAPA released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.