ബംഗളൂരു: കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിനങ്ങളിൽ വ്യക്തിസ്വാതന്ത്ര്യം ലംഘിക്കപ്പെട്ടുവെന്നും റേറ്റിങ് തേടുന്ന ചാനലുകൾ കുറ്റക്കാരിയായി വിധിച്ചുവെന്നും ദിശ രവി. കേസിൽ ജാമ്യം ലഭിച്ചശേഷം ആദ്യമായാണ് ദിശ രവി സമൂഹ മാധ്യമങ്ങളിലൂടെ മറക്കാൻ ആഗ്രഹിക്കുന്ന ദിനങ്ങളെക്കുറിച്ച് തുറന്നെഴുതിയത്.
'നമ്മളെ ഒാരോ ദിവസവും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു, നമ്മുടെ ശബ്ദം ഞെരിക്കുന്നു, എന്നാലും നമ്മുടെ പോരാട്ടം തുടരും' എന്ന സോണി സോറി പറഞ്ഞ വാക്കുകളോടെയാണ് അറസ്റ്റിനെക്കുറിച്ചും കോടതിയിലെയും ജയിലിലെയും അനുഭവങ്ങൾ വിവരിക്കുന്ന ദിശ രവിയുടെ കുറിപ്പ് അവസാനിക്കുന്നത്. കാലാവസ്ഥ നീതി സമ്പന്നർക്കും വെള്ളക്കാർക്കും മാത്രമുള്ളതല്ലെന്നും അത് എല്ലാ ജനവിഭാഗങ്ങളെയും സമൂലമായി ഉൾക്കൊള്ളുന്നതാണെും അവർ കുറിപ്പിൽ പറയുന്നു.
അറസ്റ്റിലായത് മുതൽ ജയിലിൽനിന്നും പുറത്തിറങ്ങിയതുവരെയുള്ള സംഭവങ്ങൾ മറക്കാൻ ആഗ്രഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ദിശയുടെ കുറിപ്പ് ആരംഭിക്കുന്നത്. കോടതിയില്‍ ആദ്യം തനിക്ക് അഭിഭാഷകനില്ലായിരുന്നു. കോടതിമുറിയില്‍ നിരാശയോടെ അഭിഭാഷകര്‍ക്കായി തിരഞ്ഞെങ്കിലും സ്വന്തമായി പ്രതിരോധിക്കേണ്ടിവരുമെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ മനസ്സു കൊണ്ട് സംസാരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, അപ്പോഴേക്കും അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
അഞ്ചുദിവസത്തിനുശേഷം മൂന്നു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ. തിഹാർ ജയിലിലെ സെല്ലിനുള്ളിലെ ഓരോ മിനിറ്റും ഓരോ മണിക്കൂർ ആയിരുന്നു. നിലനിൽപിന് ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നത് എങ്ങനെയാണ് കുറ്റകരമായി മാറിയതെന്നറിയില്ല. ആ ദിവസങ്ങളിൽ വ്യക്തിസ്വാതന്ത്ര്യം ലംഘിക്കപ്പെട്ടു. ചിത്രങ്ങൾ വാർത്തകളിൽ മിന്നിമറഞ്ഞു.
കോടതി കുറ്റക്കാരിയാക്കിയില്ല. എന്നാൽ, റേറ്റിങ്ങിന് പുറകെ പോകുന്ന ചാനലുകൾ കുറ്റക്കാരിയായി വിധിച്ചു. ഇൗ ദിനങ്ങളിൽ ശക്തിപകർന്നവർക്ക് നന്ദിയുണ്ട്. ആശയങ്ങൾക്ക് മരണമില്ല. അതുപോലെ സത്യവും അത് എത്ര വൈകിയാലും തനിയെ പുറത്തുവരും -ദിശ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.