ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്ന മ്യാൻമാർ അഭയാർഥികളെ നാടുകടത്തരുതെന്ന് മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്) എം.പി വാൻലൽവേന. ബിജെപിയുടെ സഖ്യകക്ഷികൂടിയായ മിസോ നാഷണൽ ഫ്രണ്ട് എം.പിയാണ് കേന്ദ്ര സർക്കാരിനോട് ആവശ്യം ഉന്നയിച്ചത്. മ്യാൻമറീസ് അഭയാർഥികളെ തിരിച്ചയക്കുന്നത് മിസോറാമിലെ ജനങ്ങളുടെ വികാരങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യൻ സർക്കാർ അവർക്ക് മുഴുവൻ സമയ പൗരത്വമോ ജോലിയോ നൽകണമെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. രാജ്യം സാധാരണ നിലയിലാകുന്നതുവരെ അഭയാർഥികളെ ഇവിടെ തുടരാൻ കേന്ദ്രം അനുവദിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്'- രാജ്യസഭാ എം.പി കെ. വാൻലൽവേന ബുധനാഴ്ച പറഞ്ഞു.
മിസോറാം മ്യാൻമാറുമായി 510 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന സൈനിക അട്ടിമറിയെത്തുടർന്നാണ് മ്യാർമാറിൽ നിന്ന് അഭയാർഥികൾ ഇന്ത്യയിലേക്ക് വരാൻ തുടങ്ങിയത്. മുന്നൂറോളം അഭയാർഥികൾ അതിർത്തികടന്നുവന്നതായി വാൻലൽവേന ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. '300ഓളം മ്യാൻമാർ പൗരന്മാർ അതിർത്തി കടന്നിട്ടുണ്ട്. ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ അനുകൂലിച്ച 150 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇവരിലുണ്ട്'-എംപി പാർലമെന്‍റിൽ പറഞ്ഞു. 'എൻജിഒകൾ ഉൾപ്പെടെ നിരവധി ആളുകൾ അഭയാർഥികളെ സഹായിക്കാനും അവർക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കാനും വരുന്നുണ്ട്. അഭയാർഥികളിൽ ചെറിയ കുട്ടികളും സ്ത്രീകളുമുണ്ട്. അവരെ തിരിച്ചയക്കാൻ ഞങ്ങൾക്ക് ഒരു മാർഗവുമില്ല, അവർ കുടുംബമാണ്'-എം.പി പറഞ്ഞു.
മിക്ക മ്യാൻമറികളും മിസോറാമിലെ ജനങ്ങളുമായി വംശീയ ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'അവർ ഞങ്ങളുടെ സഹോദരീസഹോദരന്മാരാണ്. അവർ ചിൻ വംശീയ വിഭാഗത്തിൽ പെട്ടവരാണ്. അവർ മിസോസുമായി ബന്ധപ്പെട്ടിരിക്കുന്നു. ലായ്, ടെഡിം-സോമി, ലൂസി, നാട്ടു, ഹുവാൽങ്കോ എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന ഒരേ മലയോര ജനതയാണ് ഞങ്ങൾ. നമ്മളിൽ ഭൂരിഭാഗവും അവരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഒരേ മതം പിന്തുടരുന്നു. നമുക്ക് എങ്ങനെ അവരെ തിരിച്ചയക്കാൻ കഴിയും'-വാൻലൽവേന വികാരാധീനനായി ചോദിച്ചു. അഭയാർഥികളെ നാടുകടത്തണമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അതിർത്തി സംസ്ഥാനങ്ങളായ നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം എന്നിവർക്കും അസം റൈഫിൾസിനും കത്തയച്ചിട്ടുണ്ട്.
അഭയാർഥികൾക്ക് ഭക്ഷണവും പാർപ്പിടവും നൽകുമെന്ന് മിസോറം മുഖ്യമന്ത്രി സോറാംതംഗ ഉറപ്പ് നൽകിയതിനെതുടർന്നായിരുന്നു കേന്ദ്രത്തിന്‍റെ കത്ത്. 'ഒരു വിദേശിക്കും അഭയാർഥി പദവി നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നും 1951ലെ ഐക്യരാഷ്ട്ര അഭയാർഥി കൺവെൻഷനിലും 1967 ലെ പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പിട്ടിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം. ഇക്കാര്യം സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിക്കുമെന്ന് വാൻലാൽവേന പറഞ്ഞു. 'ഞാൻ അമിത്ഷായെ കാണാൻ ശ്രമിച്ചിരുന്നു. പക്ഷേ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് കാരണം അദ്ദേഹത്തെ തിരക്കിലായിരുന്നു'- എംപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.