ബംഗളൂരു: നിർദിഷ്ട മൈസൂരു- കുശാൽ നഗർ റെയിൽ പാത പദ്ധതിക്ക് വീണ്ടും ജീവൻവെക്കുന്നു. റെയിൽവേയുടെ പിങ്ക് ബുക്കിൽ ഇടംപിടിച്ച പദ്ധതിക്കായി കേന്ദ്രസർക്കാറിന്റെ 2022-23 ബജറ്റിൽ 1000 കോടി വിലയിരുത്തി. പാത യാഥാർഥ്യമായാൽ വിനോദസഞ്ചാര-തോട്ടം മേഖലയായ കുടക് റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കും. നിർദിഷ്ട പാതക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകാതെ ആരംഭിച്ചേക്കും.
100 വർഷം മുമ്പ് മൈസൂരുവിൽനിന്ന് കുശാൽ നഗർ വഴി മടിക്കേരി വരെയാണ് ആദ്യം പാത വിഭാവനം ചെയ്തിരുന്നത്. ഏറെ കാലം പദ്ധതി അനക്കമില്ലാതെ കിടന്നു. 2011ൽ യു.പി.എ സർക്കാറിന്റെ കാലത്ത് പദ്ധതിക്കായി സർവേ നടത്തിയെങ്കിലും ലാഭകരമല്ലെന്ന് കണ്ട് ഫയലിലൊതുക്കി. പിന്നീട് പദ്ധതിയുടെ പകുതി വിഹിതം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന് യെദിയൂരപ്പ മുഖ്യമന്ത്രിയായ കാലത്ത് അറിയിച്ചതോടെയാണ് പദ്ധതി വീണ്ടും പരിഗണനയിലെത്തിയത്.
കുശാൽ നഗർ മുതൽ മടിക്കേരി വരെയുള്ള വനമേഖലയിൽ സർവേ നടത്താൻ വനംവകുപ്പ് അനുമതി നൽകാതിരുന്നതിനാൽ ഈ ഭാഗം പദ്ധതിയിൽനിന്ന് പിന്നീട് ഉപേക്ഷിച്ചു. 2019ൽ പദ്ധതിക്ക് റെയിൽവേയുടെയും കേന്ദ്രസർക്കാറിന്റെും അനുമതി ലഭിച്ചു. അതേസമയം, നിർദിഷ്ട റെയിൽപാതക്കെതിരെ കുടകിൽ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ സമരങ്ങളും കാമ്പയിനും അരങ്ങേറുന്നുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിൽ അതിപരിസ്ഥിതി ദുർബലപ്രദേശമായി കണക്കാക്കിയ കുടകിലൂടെയുള്ള മൈസൂരു– കുടക് റെയിൽപാതക്ക് പുറമേ, മൈസൂരു–തലശ്ശേരി റെയിൽപാതക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.
നിർദിഷ്ട പാത നടപ്പാക്കിയാൽ ഭാവിയിൽ അത് മടിക്കേരിയിലേക്കും മംഗളൂരുവിലേക്കും തലശ്ശേരിയിലേക്കും നീട്ടാനുള്ള സാധ്യതയാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്. കാവേരി നദിയുടെ വൃഷ്ടിപ്രദേശത്തെ പദ്ധതി ഇല്ലാതാക്കുമെന്നും നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ജൈവവൈവിധ്യ മേഖലയിൽ പദ്ധതി നടപ്പാക്കുന്നത് കോൺട്രാക്ടർമാരെയും തടി വ്യവസായികളെയും റിയൽ എസ്റ്റേറ്റ് ലോബിയെയും സഹായിക്കാനാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
എന്നാൽ, നിർദിഷ്ട പാതയിൽ വനമേഖലയോ തോട്ടം മേഖലയോ കടന്നുവരുന്നില്ലെന്നാണ് പ്രാഥമിക സാങ്കേതിക- ട്രാഫിക് സർവേ വെളിപ്പെടുത്തുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.മൈസൂരു- കുടക് റെയിൽപാത, തലശ്ശേരി- മൈസൂരു റെയിൽപാത എന്നിവക്കെതിരെ കൂർഗ് വൈൽഡ്ലൈഫ് സൊസൈറ്റി മുൻ പ്രസിഡന്റ് റിട്ട. കേണൽ സി.പി. മുത്തണ്ണ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ച കർണാടക ഹൈകോടതി, ഇരുപാതകളും കമീഷൻ ചെയ്യുന്നതിന് മുമ്പ് പാരിസ്ഥിതിക അനുമതി നേടണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു.
വനം-വന്യജീവി വകുപ്പിന്റെ അനുമതിയില്ലാതെ പാതയുമായി മുന്നോട്ടുപോകരുതെന്നും പ്രസ്തുത അനുമതിക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ഹരജിക്കാരെ അറിയിക്കണമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു. കേരളസർക്കാർ മുൻകൈയെടുത്ത തലശ്ശേരി- മൈസൂരു പാതക്ക് അനുമതി നൽകില്ലെന്ന് കർണാടക വനംവകുപ്പ് കഴിഞ്ഞവർഷം വ്യക്തമാക്കിയിരുന്നു.
ചെലവ് 1854.62 കോടി
1854.62 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിക്കായി അന്തിമ സർവേ നടത്താൻ 1.26 കോടി രൂപക്ക് ബംഗളൂരു ആസ്ഥാനമായ കമ്പനിക്ക് ദക്ഷിണ പശ്ചിമ റെയിൽവേ ടെൻഡർ നൽകിയിരുന്നു. 522.8 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുക. ചെറുതും വലുതുമായി 17 പാലങ്ങളും 43 ക്രോസിങ്ങുകളും 15 മേൽപാലങ്ങളും 15 അണ്ടർ പാസുകളും നിർമിക്കേണ്ടി വരും.
യെൽവാൽ, ബിലിക്കരെ, ഉദ്ദുർ, ഹുൻസൂർ, സത്തെഗള, പെരിയപട്ടണ, ദൊഡ്ഡഹൊന്നൂർ എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോവുക. കർണാടകയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മൈസൂരുവിനെയും കുടകിനെയും ബന്ധിപ്പിച്ചുള്ള പുതിയ പാത ടൂറിസം മേഖലക്കും ചരക്കു നീക്കത്തിനും ഉണർവേകുമെന്നാണ് അധികൃതരുടെ വാദം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.