ബംഗളൂരു: പ്രശസ്തമായ മൈസൂരു ദസറ ആഘോഷത്തിന് ഇത്തവണയും ആനകൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡിനെ തുടർന്ന് കഴിഞ്ഞവർഷത്തിന് സമാനമായി ഇത്തവണയും ലളിതമായി ചടങ്ങുകൾ മാത്രമായിട്ടായിരിക്കും മൈസൂരു ദസറ നടക്കുക.
പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെയായിരിക്കും പരിപാടികൾ നടക്കുക. മൈസൂരു ദസറ ആഘോഷത്തിൽ പങ്കെടുക്കുന്ന ആന പാപ്പാൻമാർ, കാവടിയാട്ടക്കാർ, ദസറ സംഘാടകർ, ഉദ്യോഗസ്ഥർ, അതിഥികൾ തുടങ്ങിയവർക്കെല്ലാം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും.
ഇതിന് പുറമെയാണ് ദസറ ജംബോ സവാരിക്കും മറ്റു ചടങ്ങുകൾക്കും പങ്കെടുക്കുന്ന ആനകൾക്കും േകാവിഡ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ വർഷം ഗജപായന ചടങ്ങിനുശേഷം ആനകളെ മൈസൂരുവിലേക്ക് എത്തിച്ചപ്പോഴും കോവിഡ് പരിശോധന നടത്തിയിരുന്നു. മുൻ വർഷങ്ങളിലായി 14 ആനകൾ വരെ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം അഞ്ച് ആനകളെയാണ് കൊണ്ടുവന്നത്. ആന ക്യാമ്പുകളിലെത്തി ആനകളെ പരിശോധിച്ചശേഷമായിരിക്കും മൈസൂരുവിലേക്ക് എത്തിക്കുക.
ആനകളുടെ മെഡിക്കൽ റിപ്പോർട്ടിനൊപ്പം കോവിഡ് പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇതിനുശേഷമായിരിക്കും ദസറയിൽ പങ്കെടുപ്പിക്കേണ്ട ആനകളുടെ പട്ടിക തയാറാക്കുക. ഇത്തവണ ഒക്ടോബറിലാണ് 10 ദിവസത്തെ മൈസൂരു ദസറ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.