കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിൽ ബലാത്സംഗത്തിന് ഇരയായി 14 കാരി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിനെതിരെ കുട്ടിയുടെ പിതാവ്. ഇത് ബലാത്സംഗമാണോ അതോ അവിഹിത ബന്ധത്തിന് ശേഷം കുട്ടി ഗർഭിണി ആയതാണോയെന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോ എന്നായിരുന്നു മമതയുടെ ചോദ്യം. ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ പറയാൻ സാധിക്കുന്നതെന്നും തനിക്ക് നീതി വേണമെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
"ഏപ്രിൽ അഞ്ചിന് പെൺകുട്ടി മരിച്ചു. ഏപ്രിൽ പത്തിനാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പരാതി ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് പൊലീസിനെ നേരത്തെ അറിയിച്ചില്ല. കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചു. ഇനി എങ്ങനെയാണ് പൊലീസിന് തെളിവുകൾ ലഭിക്കുക"- മമത ചോദിച്ചു.
പ്രദേശത്തെ തൃണമൂൽ നേതാവിന്‍റെ മകന്‍റെ ജന്മദിന പരിപാടിയിൽ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ഞായറാഴ്ചയാണ് മരിച്ചത്.
തൃണമൂൽ കോൺഗ്രസ് നേതാവ് സമർ ഗോലയുടെ മകൻ ബ്രജ ഗോപാൽ ഗോല (21), കൂട്ടുപ്രതി പ്രഭാകർ പൊദ്ദാർ എന്നിവരെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ടവരെല്ലാം ശിക്ഷിക്കപ്പെടണമെന്നും പ്രതിയുടെ പിതാവിന്‍റെ സമ്മർദ്ദത്തെ തുടർന്നാണ് പോസ്റ്റ്മോട്ടം നടത്താതെ മൃതദേഹം ദഹിപ്പിച്ചതെന്നും കുടുംബം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.