ഡോണി പോളോ എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി നെയ്ഫിയു റിയോ, ഷോഖുവി സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നു

100 വർഷത്തിന് ശേഷം നാഗാലാൻഡിന് രണ്ടാമത്തെ റെയിൽവെ സ്റ്റേഷൻ

ചുമുകെഡിമ (നാഗാലാൻഡ്): 100 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നാഗാലാൻഡിന് രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ ലഭിച്ചു. ഷൊഖുവിയിലാണ് പുതിയ റെയിൽവേ സ്റ്റേഷൻ. 1903ൽ സംസ്ഥാനത്തെ വാണിജ്യ കേന്ദ്രമായ ദിമാപൂർ റെയിൽവേ സ്റ്റേഷൻ തുറന്ന ശേഷം ഇതാദ്യമായാണ് മറ്റൊരു സ്റ്റേഷൻ അനുവദിക്കുന്നത്. ദിമാപൂരിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് ഷോഖുവി.

വെള്ളിയാഴ്ച ഡോണി പോളോ എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി നെയ്ഫിയു റിയോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. അസമിലെ ഗുവാഹത്തിയിൽനിന്ന് അരുണാചൽ പ്രദേശിലെ നഹർലഗൂണിലേക്ക് പ്രതിദിന സർവിസ് നടത്തുന്ന ഡോണി പോളോ എക്‌സ്പ്രസ്, ഷോഖുവി വരെ നീട്ടിയിട്ടുണ്ട്. നാഗാലാൻഡിനെയും അരുണാചൽ പ്രദേശിനെയും നേരിട്ട് ട്രെയിൻ സർവിസ് വഴി ബന്ധിപ്പിക്കും.

'ഇന്ന് നാഗാലാൻഡിന് ചരിത്രപരമായ ദിവസമാണ്. 100 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തിന് രണ്ടാമത്തെ റെയിൽവേ പാസഞ്ചർ ടെർമിനൽ ലഭിച്ചു' -റിയോ ട്വീറ്റ് ചെയ്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാനങ്ങളെയും റെയിൽവേയുമായി ബന്ധിപ്പിക്കാൻ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്കും എൻഎഫ്‌ആറിനും ഇത് അഭിമാന നിമിഷമാണെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) ജനറൽ മാനേജർ അൻഷുൽ ഗുപ്ത പറഞ്ഞു.

അസമിലെ ധൻസിരി മുതൽ നാഗാലാൻഡിലെ കൊഹിമ ജില്ലയിലെ സുബ്‌സ വരെയുള്ള 90 കിലോമീറ്റർ നീളമുള്ള ബ്രോഡ്‌ഗേജ് പാതയുടെ നിർമാണം പുരേഗമിക്കുകയാണ്. 2016-ൽ തറക്കല്ലിട്ട പാത 2020ൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, പിന്നീട് 2024 വരെ സമയപരിധി നീട്ടി നൽകി. ഈ പാത ന്യൂ കൊഹിമ, ഇംഫാൽ വഴി ഐസ്വാളിലേക്ക് നീട്ടുമെന്ന് ഗുപ്ത പറഞ്ഞു.

Tags:    
News Summary - Nagaland Gets Its 2nd Railway Station After A Gap Of Over 100 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.