കാവടി യാത്ര വഴികളിലെ പേര് പ്രദർശിപ്പിക്കൽ; പാർലമെന്റിൽ ചർച്ചയാവശ്യപ്പെട്ട് കേരള എം.പിമാർ

ന്യൂഡൽഹി: കാവടി യാത്രാ വഴികളിൽ വ്യാപാരികൾ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് ഭരണകൂട ഉത്തരവ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ഹാരിസ് ബീരാൻ, പി.സന്തോഷ് കുമാർ എന്നിവർ ചട്ടം 267പ്രകാരം നോട്ടീസ് നൽകി. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ എന്നിവർ അടിയന്തര പ്രമേയത്തിനും നോട്ടീസ് നൽകി. കടകൾക്ക് മുമ്പിൽ വ്യക്തികളുടെ പേര് വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് മതാടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കാനാണെന്ന് രാജ്യസഭ ചെയർമാന് നൽകിയ നോട്ടീസിൽ ഹാരിസ് ബീരാൻ വ്യക്തമാക്കി.

വിശ്വാസത്തിന്‍റെ പേരില്‍ രാജ്യത്ത് വർധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപലപനീയമാണെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള നിരുത്തരവാദിത്വമായ പ്രസ്താവനകളാണ് കേന്ദ്രമന്ത്രിമാരില്‍ നിന്ന് പോലും ഉണ്ടാവുന്നതെന്നും എൻ.കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ നേർക്ക് പകപോക്കലിന്റെ രാഷ്ട്രീയമാണ് യോഗി സർക്കാർ അഴിച്ചു വിടുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ജമ്മു-കാശ്മീരിൽ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടർക്കഥയാവുകയാണെന്നും കേന്ദ്രം തുടരുന്ന മൗനം പ്രതിഷേധാർഹമാണെന്നും വിഷയം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാൻ ലോക് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിദഗ്ധ സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ പരിശോധിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ അടിയന്തര ​പ്രമേയത്തിന് നോട്ടീസ് നൽകി.

Tags:    
News Summary - Name display on Kavadi Yatra routes; Kerala MPs asking for discussion in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.