ന്യൂഡൽഹി: പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിൽ രാജ്യത്തിന്‍റെ പേര് ഭാരത് എന്നാക്കി മാറ്റാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. റിപ്പബ്ലിക് ഓഫ്ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റുമെന്നാണ് അഭ്യൂഹം. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അഞ്ച് ദിവസത്തെ പ്രത്യേക പാർലമെന്‍റ് സമ്മേളനം സർക്കാർ വിളിച്ചുചേർത്തിട്ടുണ്ട്. ജി-20 സമ്മേളനുവമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള രാഷ്ട്രപതിയുടെ രേഖകളിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നാണ് ഉൾപ്പെടുത്തിയിരുന്നത്. അമൃത്കാലിലേക്ക് രാജ്യം കടക്കുകയാണെന്നും അതിനാൽ ഭാരത് എന്ന പേരാണ് ഉചിതമെന്ന അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയുടെ കുറിപ്പും വാർത്തക്ക് പിന്നാലെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഇൻഡ്യ എന്ന പേരിൽ വിശാല സഖ്യം രൂപവത്കരിച്ചതിന് പിന്നാലെ മുന്നണിക്കെതിരെ മോദി രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. 'അവർ ഇൻഡ്യയെന്ന പേരിനെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ- എല്ലാറ്റിലും ഇന്ത്യ ഉണ്ട്. ഇന്ത്യ എന്ന പേരുപയോഗിക്കുന്നതു കൊണ്ടുമാത്രം ഒരർത്ഥവും ഉണ്ടാകണമെന്നില്ല' എന്നാണ് മോദി പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.