ന്യൂഡൽഹി: ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഒരു വോട്ടറെയും വോട്ടർപട്ടികയിൽ നിന്ന് നീക്കംചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. വോട്ടറുടെ സമ്മതമില്ലാതെ ആധാറുമായി തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കരുതെന്നും നിയമമന്ത്രി കിരൺ റിജിജു നിർദേശിച്ചു. കേരളത്തിലടക്കം ആധാറുമായി തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ബൂത്തുതല ക്യാമ്പുകൾ നടത്തുന്നതിനിടയിലാണ് നിയമമന്ത്രി വിഷയത്തിൽ വ്യക്തത വരുത്തിയത്.
സുപ്രീംകോടതി വിധി ലംഘിച്ച് വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിന് ഒക്ടോബർ 22ന് നോട്ടീസ് അയച്ചിരുന്നു. ഏതെങ്കിലും ആനുകൂല്യങ്ങൾക്കല്ലാതെ വോട്ടവകാശംപോലുള്ള ഒരു പൗരന്റെ അവകാശം അനുവദിച്ചുകിട്ടാൻ ആധാർ ചോദിക്കാനാകില്ലെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ബോധിപ്പിച്ചിരുന്നു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് എം.പിമാരായ സയ്യിദ് ഇംതിയാസ് ജലീൽ, ഋതേഷ് പാണ്ഡെ, പ്രദ്യുത് ബൊർദൊളൊയ് എന്നിവർ ലോക്സഭയിൽ ഇതുസംബന്ധിച്ച ചോദ്യമുന്നയിച്ചത്. വോട്ടർമാരുടെ സമ്മതത്തോടുകൂടിയാണോ ആധാറുമായി തിരിച്ചറിയൽ കാർഡുകൾ ബന്ധിപ്പിക്കുന്നതെന്ന് ചോദിച്ച എം.പിമാർ ആധാർ ബന്ധിപ്പിച്ചത് പിൻവലിച്ചാൽ അവരെ വോട്ടർപട്ടികയിൽനിന്ന് പുറന്തള്ളുമോ എന്നും ആരാഞ്ഞു.
ഇതിന് നൽകിയ മറുപടിയിൽ 2021ൽ ഭേദഗതിചെയ്ത തെരഞ്ഞെടുപ്പ് നിയമപ്രകാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്ക് വോട്ടർമാരെ തിരിച്ചറിയാൻ ആധാർ ചോദിക്കാമെന്ന വ്യവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വോട്ടർമാർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം ആധാർ നൽകിയാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം 6 ബി അപേക്ഷഫോറത്തിൽ ഒരിക്കൽ ആധാർ വിവരങ്ങൾ കമീഷന് നൽകിയാൽ അത് പിൻവലിക്കാനുള്ള വ്യവസ്ഥ നിയമത്തിലില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി.
ജൂൺ 17ലെ വിജ്ഞാപനമനുസരിച്ച് 2023 ഏപ്രിൽവരെ ആധാറുമായി ബന്ധിപ്പിക്കാം. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ വോട്ടർപട്ടികയുടെ സ്ഥിതിവിവരം സംരക്ഷിക്കാൻ എന്താണ് കേന്ദ്രം ചെയ്തതെന്ന ചോദ്യത്തിന് ആളെ തിരിച്ചറിയാനുള്ള രേഖ എന്നനിലയിൽ മാത്രമാണ് ആധാർ നമ്പർ ബന്ധിപ്പിക്കുന്നതെന്നും ആധാറിലെ വിവരങ്ങൾ കമീഷൻ സൂക്ഷിക്കില്ല എന്നുമാണ് മന്ത്രി മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.