മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെയും മുൻ എം.പിയായ മകൻ നിലേഷ് റാണെയും കോൺഗ്രസിൽനിന്ന് രാജിവെച്ചു. ഇവർ ബി.ജെ.പിയിൽ ചേരുമെന്ന് സൂചനയുണ്ട്. പാർട്ടി അംഗത്വത്തിനൊപ്പം നിയമസഭ കൗൺസിൽ അംഗ്വത്വവും റാണെ രാജിവെച്ചു. എന്നാൽ, മറ്റൊരു മകനും എം.എൽ.എയുമായ നിതേഷ് റാണെ കോൺഗ്രസിൽ തുടരുകയാണ്. ഉചിതമായ സമയത്ത് നിതേഷും രാജിവെക്കുമെന്ന് റാണെ പറഞ്ഞു.
കൊങ്കണിലെ കുഡാലിൽ വാർത്തസമ്മേളനത്തിലാണ് റാണെ രാജിക്കാര്യം അറിയിച്ചത്. വാർത്തസമ്മേളനത്തിൽ നിതേഷ് പെങ്കടുത്തില്ല. ഇനി ഏത് പാർട്ടിയിൽ പ്രവർത്തിക്കുമെന്ന് ദസറദിനത്തിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 30നാണ് ദസറ. അന്ന് നടക്കുന്ന ആഘോഷ പരിപാടിക്കിടെ റാണെയെ ബി.ജെ.പി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. റാണെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്ര പി.സി.സി അധ്യക്ഷൻ അശോക് ചവാനും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് റാണെയുടെ രാജി. കോൺഗ്രസിന് ഭാവിയില്ലെന്ന് പറഞ്ഞ റാണെ മഹാരാഷ്ട്രയിലെ അണികൾ ഇതുവരെ ആരെയാണ് പിന്തുണച്ചതെന്ന് കോൺഗ്രസ് നേതൃത്വത്തെ കാട്ടിക്കൊടുക്കാൻ വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തുടനീളം പദയാത്ര നടത്തുമെന്ന് അറിയിച്ചു.
2005ലാണ് ശിവസേന വിട്ട് നാരായൺ റാണെയും മക്കളും കോൺഗ്രസിൽ ചേർന്നത്. പാർട്ടിയിൽ ചേർന്ന് ആറുമാസത്തിനകം മുഖ്യമന്ത്രിയാക്കുമെന്ന വാക്ക് ഹൈകമാൻഡ് പാലിച്ചില്ലെന്ന് റാണെ ആരോപിച്ചു.േസാണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ മൂന്നുതവണ മുഖ്യമന്ത്രിപദം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതായും അദ്ദേഹം ആരോപിച്ചു. 2008ൽ വിലാസ്റാവ് ദേശ്മുഖ് രാജിവെച്ചപ്പോൾ 48 എം.എൽ.എമാർ തന്നെ പിന്തുണച്ചിട്ടും മുഖ്യമന്ത്രിയാക്കിയില്ല. 32 പേരുടെമാത്രം പിന്തുണയുള്ള അശോക് ചവാനെയാണ് മുഖ്യമന്ത്രിയാക്കിയത്.
ജനപിന്തുണയുള്ള നേതാക്കളെ അവഹേളിക്കുന്നതാണ് കോൺഗ്രസിെൻറ പാരമ്പര്യമെന്ന് റാണെ കുറ്റപ്പെടുത്തി. സോലാപ്പുർ, കോലാപ്പുർ, നാസിക് എന്നിവിടങ്ങളിൽനിന്ന് അണികളും 25 കൗൺസിലർമാരും തനിക്കൊപ്പം കോൺഗ്രസ് വിട്ടതായി പറഞ്ഞ റാണെ കൂടുതൽ പേർ വരുംനാളുകളിൽ രാജിവെക്കുമെന്ന് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.