ലഖ്നോ: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തില്ലെന്ന് പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. യു.പിയിലെ കനൗജിൽ സമാജ്‍വാദി പ്രസിഡന്റ് അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ യു.പിയിൽ ചെയ്യാൻ കഴിയുന്നതെല്ലാം അഖിലേഷ് യാദവും ഇൻഡ്യ സഖ്യവും ചെയ്തിട്ടുണ്ട്. ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും ഇൻഡ്യ സഖ്യ യോഗങ്ങളും വിദ്വേഷത്തിനിടയിലെ സ്‌നേഹ പ്രസരണവുമെല്ലാം അതിൽ പെട്ടതാണ്. നിങ്ങൾ എഴുതി വെച്ചോളൂ....നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിൽ വരില്ല.-രാഹുൽ പറഞ്ഞു. എസ്.പിയടക്കമുള്ള ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും കനൗജ് മണ്ഡലത്തിൽ അഖിലേഷ് യാദവിന് റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും രാഹുൽ പറഞ്ഞു.
ഉത്തർപ്രദേശിൽ ഇക്കുറി ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിടുക. ജനങ്ങൾ അത് തീരുമാനിച്ചു കഴിഞ്ഞതാണ്. അവരുടെ മനസ്സ് മാറിക്കഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ നടത്തിയ പ്രസംഗങ്ങളിലൊന്നും നരേന്ദ്രമോദി അദാനിയെയോ അംബാനിയേയോ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഇപ്പോൾ മോദിയാകെ പേടിച്ചിരിക്കുകയാണ്. ചിലർ ഭയപ്പെടുമ്പോൾ തങ്ങളെ രക്ഷിക്കുമെന്നു വിശ്വസിക്കുന്നവരുടെ പേരുകൾ വിളിച്ചുപറയാറില്ലേ..അതുപോലെ രക്ഷപ്പെടുത്തണം എന്ന് മോദി തന്റെ രണ്ട് സുഹൃത്തുക്കളുടെ പേര് വിളിച്ച് ‘അയ്യോ രക്ഷിക്കണേ’ എന്ന് നിലവിളിക്കുകയാണ്.-രാഹുൽ പരിഹസിച്ചു. മോദിയുടെ അദാനി-അംബാനി പരാമർശത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ.
മോദി സർക്കാർ 22 വ്യക്തികളുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയിട്ടുണ്ട്. അദ്ദേഹത്തിന് 22 ശതകോടീശ്വരന്മാരെയാണ് ഉണ്ടാക്കാൻ കഴിഞ്ഞതെങ്കിൽ അധികാരത്തിലെത്തിയാൽ കോടിക്കണക്കിന് ലക്ഷപ്രഭുക്കളെ ഉണ്ടാക്കണമെന്ന് കോൺഗ്രസും ഇൻഡ്യ സഖ്യവും തീരുമാനിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.