സര്‍ക്കാര്‍ ലക്ഷ്യം സന്തുലിത വികസനം –കേന്ദ്രമന്ത്രി

കൊച്ചി: രാജ്യത്തിന്‍െറ സമഗ്രവും സന്തുലിതവുമായ വികസനമാണ് കേന്ദ്രസര്‍ക്കാറിന്‍െറ ലക്ഷ്യമെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രി നരേന്ദ്ര സിങ് ടോമാര്‍. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റില്‍ പ്രഥമ പരിഗണന നല്‍കേണ്ടത് മാലിന്യസംസ്കരണത്തിനാകണം. വെളിയിട വിസര്‍ജനമുക്ത സംസ്ഥാനമാകാന്‍ കഴിഞ്ഞ കേരളത്തിന്‍െറ നേട്ടം അഭിനന്ദനീയമാണ്. ബ്രിക്സ് അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുത്ത ശേഷം അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടാം അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

14ാം ധനകാര്യ കമീഷന്‍ ശിപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതുവഴി ഗ്രാമപഞ്ചായത്തുകള്‍ക്ക് തടസ്സമില്ലാതെ പണം ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി പര്‍ഷോത്തം റൂപാല പറഞ്ഞു. രണ്ടുലക്ഷം കോടി രൂപയാണ് കേന്ദ്രത്തില്‍നിന്ന് പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നത്. ഈ പണം ചെലവഴിച്ച് നടപ്പാക്കേണ്ട പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളൊന്നും പദ്ധതികളെ ബാധിക്കരുതെന്ന നിര്‍ബന്ധം സംസ്ഥാന സര്‍ക്കാറിനുണ്ട്. തുറസ്സായ സ്ഥലത്തെ വിസര്‍ജനം ഒഴിവാക്കിയ നടപടി ഉദാഹരണമാണ്. രണ്ടുമാസം കൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം കക്കൂസുകളാണ് നിര്‍മിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശ സ്ഥാപനങ്ങളിലെ ഭരണവര്‍ഗം ഗ്രാമങ്ങളില്‍നിന്ന് അകന്നാണ് ജീവിക്കുന്നത്. ഗ്രാമങ്ങളുടെ വികസനത്തിന് ഇത് വിഘാതമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ രാജ്യസഭാംഗം വിനയ് സഹസ്രബുദ്ധെ പറഞ്ഞു. നഗരങ്ങളില്‍ ഏറിവരുന്ന കുടിയേറ്റം തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് രാജസ്ഥാന്‍ പഞ്ചായത്തീരാജ് മന്ത്രി സുരേന്ദ്ര ഗോയല്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ഗ്രാമവികസന സെക്രട്ടറി ജെ.എസ്. മാത്തൂര്‍ സ്വാഗതവും കേന്ദ്ര പഞ്ചായത്തീരാജ് അഡീഷനല്‍ സെക്രട്ടറി എ.കെ. ഗോയല്‍ നന്ദിയും പറഞ്ഞു.

റഷ്യന്‍ ഫെഡറേഷന്‍ ബഷ്കോര്‍ട്ടോസ്റ്റാന്‍ പ്രവിശ്യ പ്രധാനമന്ത്രി റസ്റ്റം മര്‍ഡനോവ്, ബ്രസീല്‍ എംബസി പ്രതിനിധി ഫാബിയാനോ, ചൈനീസ് എംബസി ഫസ്റ്റ് ഓഫിസര്‍ ക്വാവോ ഹയ്ജുന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജനപങ്കാളിത്തത്തോടെ പ്രാദേശിക ബജറ്റ് തയാറാക്കല്‍ എന്നതാണ് ത്രിദിന സമ്മേളനത്തിന്‍െറ വിഷയം. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന്‍െറ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

അംഗരാജ്യങ്ങളായ ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, ഗവേഷകര്‍ എന്നിവരാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം മൂന്നിന് സമാപന സമ്മേളനം കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും.

 

Tags:    
News Summary - narendra singh tomar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.