തല്ലേറ്റവനെ തല്ലിയവരെ കൊണ്ട് ആലിംഗനം ചെയ്യിച്ചു; അധ്യാപിക വിതറിയ കനലിൽ വെള്ളമൊഴിച്ച് ടിക്കായത്ത്

ന്യൂഡൽഹി: അറിവ് പകരേണ്ട അധ്യാപിക വിദ്വേഷം കോരിയിട്ട കുരുന്നുമനസുകളെ പരസ്പരം ആലിംഗനം ചെയ്യിച്ച് കർഷക നേതാവ് നരേഷ് ടിക്കായത്ത്. തല്ലാനുള്ള അധ്യാപികയുടെ ആജ്ഞ അനുസരിച്ച വിദ്യാർഥികൾ തല്ലിയവനെ വാരിപ്പുണരാനുള്ള ആജ്ഞയും മനസാലെ സ്വീകരിച്ചു. ഒടുവിൽ ആലിംഗനം ചെയ്ത തല്ലിയവനെയും തല്ലേറ്റവനെയും നരേഷ് ടിക്കായത്ത് തന്റെ മടിത്തട്ടിൽ ​​​​ചേർത്തിരുത്തുകയും ചെയ്തു.

മുസഫർ നഗർ കലാപ കാലത്ത് സംഘ് പരിവാറിനൊപ്പം നിന്നതിന് വലിയ വിമർ​ശനമേറ്റുവാങ്ങിയ നരേഷ് ടിക്കായത്ത് മുസഫർ നഗറിലെ തൃപ്ത ത്യാഗി എന്ന അധ്യാപിക വിതറിയ വിദ്വേഷത്തിന്റെ കനലിൽ വെള്ളം കോരിയൊഴിച്ചത് കാലത്തിന്റെ കാവ്യനീതിയായി. മുസഫർ നഗർ ജില്ലയിലെ മൻസൂർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖുബ്ബാപൂരിൽ നേരിട്ടെത്തിയാണ് കഴിഞ്ഞ വ്യാഴാഴ്ച നേഹ പബ്ലിക് സ്കൂളിലെ അധ്യാപികയായ തൃപ്തി ത്യാഗിയുടെ ആജ്ഞ കേട്ട് മുസ്‍ലിം വിദ്യാർഥിയെ തല്ലിയ ഹിന്ദു വിദ്യാർഥികളെ ഒന്നടങ്കം വിളിച്ചുവരുത്തിയത്. തല്ലേറ്റ മുസ്‍ലിം വിദ്യാർഥിയെയും വിളിച്ചുവരുത്തിയ ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാഷേ് ടിക്കായത്ത് തല്ലിയ ഓ​രോ വിദ്യാർഥിയെ കൊണ്ടും അവനെ ആലിംഗനം ചെയ്യിച്ചു.

പത്രത്തിൽ വാർത്ത കണ്ടാണ് വന്നതെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. സമൂഹത്തിൽ ഇത്തരം സംസാരമുണ്ടാകാൻ പാടില്ലാത്തതാണ്. 2013ൽ മുസഫർ നഗറിൽ വർഗീയ സംഘർഷമുണ്ടായതാണ്. ഈ ജില്ല കത്തിക്കാൻ ഇനിയൊരിക്കലും അനുവദിക്കില്ലെന്നും അതിനാൽ ഇത്തരത്തിലുള്ള ഒരു സംസാരവും ഇനിയുണ്ടാകരുതെന്ന് തങ്ങൾ ആഗ്രഹിക്കുന്നു. തെറ്റ് തെറ്റാണെന്ന് പറഞ്ഞേ മതിയാകൂ. കുഞ്ഞുമനസുകളിൽ ഹിന്ദു, മുസ്‍ലിം വർത്തമാനം നല്ലതല്ല. അത്തരത്തിലുള്ള വർത്തമാനമരുത്. ഇരുപക്ഷത്തെയും വിളിച്ചുവരുത്തി സംസാരിച്ചു. പരസ്പര ബഹുമാനത്തോടെ വിഷയം അവസാനിപ്പിക്കും. ഇരുകക്ഷികളും തമ്മിൽ സംസാരിച്ച് തീർന്നാൽ എഫ്.ഐ.ആറിന്‍റെ ആവശ്യമെന്താണെന്നും ടിക്കായത്ത് ചോദിച്ചു.

Tags:    
News Summary - naresh tikait at Muzaffarnagar for supporting Muslim Student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.