അഹ്മദാബാദ്: 2002ലെ നരോദ പാട്യ കൂട്ടക്കൊലയിൽ വിചാരണ കോടതി 28 വർഷം തടവിന് ശിക്ഷിച്ച ഗുജറാത്തിലെ മുൻ ബി.െജ.പി മന്ത്രി മായ കൊട്നാനിെയയും മറ്റു 17 പേരെയും ഗുജറാത്ത് ഹൈകോടതി കുറ്റമുക്തരാക്കി. അതേസമയം, മുൻ ബജ്റംഗ്ദൾ നേതാവ് ബാബു ബജ്റംഗിക്ക് വിചാരണ കോടതി നൽകിയ ജീവപര്യന്തം ശിക്ഷ ശരിവെച്ചു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നരോദ പാട്യയിൽ 97 മുസ്ലിംകളെ െകാലപ്പെടുത്തിയ കേസാണിത്. സാക്ഷി മൊഴികളിലെ പൊരുത്തക്കേട് കണക്കിലെടുത്ത് സംശയത്തിെൻറ ആനുകൂല്യം നൽകിയാണ് കൊട്നാനിയെ വെറുതെവിടുന്നതെന്ന് ജസ്റ്റിസുമാരായ ഹർഷ ദേവാനി, എ.എസ്. സുപാഹിയ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു.
കൊട്നാനിക്ക് വിചാരണ കോടതി നൽകിയ ശിക്ഷ ഇതോടെ റദ്ദായി. ഒരു കൂട്ടം അപ്പീൽ ഹരജികളിലാണ് ഹൈകോടതി തീരുമാനം. പ്രത്യേക കോടതി വെറുതെ വിട്ട മൂന്നു പേരെ ഹൈകോടതി ശിക്ഷിച്ചു. അഹ്മദാബാദിലെ നരോദ പാട്യ പ്രദേശത്ത് മുസ്ലിംകളെ അക്രമിസംഘം തിരഞ്ഞുപിടിച്ചാണ് കൂട്ടക്കൊല ചെയ്തത്. 2002ൽ കൊട്നാനി ബി.ജെ.പി എം.എൽ.എയായിരുന്നു. 2007ലാണ് നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായത്. 2009ൽ അറസ്റ്റ് ചെയ്യെപ്പട്ടു.
ഗോധ്രാനന്തര വംശഹത്യയിൽ രാജ്യത്തെ നടുക്കിയ കൂട്ടക്കൊലയാണ് നരോദ പാട്യയിൽ നടന്നത്. സംഭവത്തിെൻറ സൂത്രധാരയാണ് മായ കൊട്നാനിയെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. ബജ്റംഗിക്കും കൂട്ടാളികളായ പ്രകാശ് റാത്തോഡ്, സുരേഷ് ഝല എന്നിവർക്കുമെതിരായ ക്രിമിനൽ ഗൂഢാലോചന തെളിഞ്ഞതായി ഹൈകോടതി വ്യക്തമാക്കി. എന്നാൽ, ബജ്റംഗിക്ക് വിധിച്ച മരണം വരെ ജയിൽ ശിക്ഷ ഹൈകോടതി 21 വർഷമായി കുറച്ചു. ഇൗ കാലയളവിൽ ഇളവുകൾക്കൊന്നും അർഹതയില്ല. കൂട്ടക്കൊലക്കേസിൽ 61 പ്രതികളാണുണ്ടായിരുന്നത്. എസ്.െഎ.ടി പ്രത്യേക കോടതി 2012 ആഗസ്റ്റിൽ 32 പേരെ ശിക്ഷിക്കുകയും 29 പേരെ വെറുതെ വിടുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട 32ൽ 18 പേരെ ഹൈകോടതി ഇന്നലെ വിട്ടു. 13 പേരുടെ ശിക്ഷ ശരിവെച്ചു.
നടന്നത് വംശഹത്യ
2002 ഫെബ്രുവരി 28ന് അഹ്മദാബാദിെൻറ പ്രാന്തപ്രദേശമായ നരോദ പാട്യയിൽ നടന്ന വംശഹത്യയാണ് നരോദ പാട്യ കൂട്ടക്കൊല. ബി.ജെ.പി, ബജ്റംഗ്ദൾ പ്രവർത്തകരാണ് അഴിഞ്ഞാടിയത്. അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം 97 മുസ്ലിംകളെ കൊലപ്പെടുത്തി. ഗോധ്ര തീവണ്ടി തീവെപ്പ് സംഭവത്തിെൻറ അടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ദ് ദിനത്തിലാണ് കൂട്ടക്കൊല നടന്നത്. പത്തു മണിക്കൂറോളം അക്രമിസംഘങ്ങൾ അഴിഞ്ഞാടി. ആളുകളെ ജീവനോടെ ചുട്ടുകൊന്നു. സൈന്യം ഇറങ്ങിയതോടെയാണ് അക്രമികൾ പിൻവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.