മുംബൈ: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പരാതിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഒരുതരത്തിലുള്ള ഇളവുകളും നൽകാനാവില്ലെന്ന് ബോംബെ ഹൈകോടതി. 2023 ജനുവരിയിലെ സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് മമതാ ബാനർജി സമർപ്പിച്ച അപേക്ഷ ജസ്റ്റിസ് അമിത് ബോർക്കറുടെ സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു.
അതേസമയം, സെഷൻസ് കോടതി ഉത്തരവിൽ ചില അവ്യക്തതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ ഹൈകോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നും വിശദമാക്കി. മുംബൈയിൽ വെച്ചു നടന്ന പൊതുപരിപാടിക്കിടെ ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് പൊതുപ്രവർത്തകനായ വിവേകാനന്ദ ഗുപ്തയാണ് മമതക്കെതിരെ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. തുടർന്ന് മജിസ്ട്രേറ്റ് കോടതി മമതക്കെതിരെ സമൻസയച്ചു. ഇതിനെതിരെ മമത പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.
മഹാരാഷ്‌ട്രയിൽ തൃണമൂലിന്റെ പരിപാടിക്കിടെയാണ് മമത സ്വന്തം രീതിയിൽ ദേശീയ ഗാനം ആലപിച്ചത്. ദേശീയഗാനമെന്ന് പറഞ്ഞതോടെ എല്ലാവർക്കുമൊപ്പം എഴുന്നേറ്റതോടെ മമത സ്വന്തം നിലയിൽ ദേശീയഗാനത്തിന്റെ വരികൾ അതിവേഗം ചൊല്ലാൻ തുടങ്ങി. സാമാന്യമായ ഈണമോ രീതികളോ നോക്കാതെ വിചിത്രമായ രീതിയിൽ ചൊല്ലുകയായിരുന്നു.
മുഴുവൻ വരികളും ചൊല്ലാതെ ഉടനിരിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ വൈറലായി. ബി.ജെ.പി മുംബൈ യൂനിറ്റ് പ്രവർത്തകനായ വിവേകാനന്ദ ഗുപ്തയാണ് മെട്രോപോളീറ്റൻ മജിസ്‌ട്രേറ്റ് മുമ്പാകെ പരാതി നൽകിയത്.
2021 മാർച്ച് രണ്ടിനാണ് മമതാ ബാനർജി മഹാരാഷ്‌ട്രയിൽ തൃണമൂൽ പാർട്ടിപരിപാടി കൾക്കായി എത്തിയത്. മുഖ്യമന്ത്രി എന്ന നിലയിലാണ് മമത ബാനർജി ഔദ്യോഗിക പ്രോട്ടോക്കോൾ സ്വീകരിച്ച് മറ്റൊരു സംസ്ഥാനത്ത് എത്തിയത്. എന്നതിനാൽ തന്നെ ദേശീയഗാനത്തോടുള്ള അവഹേളനം ഗൗരവമുള്ളതാണെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.