ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ തള്ളിയും പാർലമെൻറിനെ മറികടന്നുമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം മാറ്റി മറിച്ചതെന്ന ശക്തമായ ആക്ഷേപത്തിനിടയിൽ, മാറ്റത്തിനു പിന്നിലെ യഥാർഥ ശക്തി തങ്ങളാെണന്ന വെളിപ്പെടുത്തലുമായി സംഘ്പരിവാർ സംഘടനകൾ. ദേശീയ വിദ്യാഭ്യാസ നയത്തിൽ തങ്ങൾ മുന്നോട്ടുവെച്ച ഭൂരിഭാഗം നിർദേശങ്ങളും അംഗീകരിക്കപ്പെട്ടതായാണ് ആർ.എസ്.എസ് ചായ്വുള്ള വിദ്യാഭ്യാസ സംഘടനകൾ അവകാശപ്പെട്ടത്.
തങ്ങളുടെ 60 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായി ഈ സംഘടനകൾ പറയുന്നു. സംസ്ഥാനങ്ങളെയോ പാർലമെൻറിനെയോ പരിഗണിക്കാതെ സ്വേഛാപരമായാണ് മോദിസർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിെൻറ അലകും പിടിയും മാറ്റിയതെന്ന വിമർശനത്തിന് പിന്നാലെയാണ് സംഘ്പരിവാർ സംഘടനകളുടെ അവകാശവാദം.‘ദീർഘകാല കാത്തിരിപ്പിനു ശേഷം വന്ന പുതിയ വിദ്യാഭ്യസ നയത്തെ സ്വാഗതം ചെയ്യുന്നു. പ്രഖ്യാപനം പോലെതന്നെ നടപ്പാക്കലും പ്രധാനമാണ്. ഇതോടെ കരിക്കുലത്തിൽ നയം മാറ്റമുണ്ടാകും’ -വിവിധ സംഘ്പരിവാർ സംഘടനകൾ പറഞ്ഞു.
‘മാനവ വിഭവ ശേഷി മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയമെന്ന് പുനർനാമകരണം ചെയ്യുക, രാഷ്ട്രീയ ശിക്ഷ ആയോഗ്, നാഷനൽ റിസർച് ഫൗണ്ടേഷൻ രൂപവത്കരണം, അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിൽ പഠിപ്പിക്കുക തുടങ്ങി തങ്ങളുടെ സുപ്രധാന നിർദേശങ്ങളെല്ലാം ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇടം പിടിച്ചു’ -ആർ.എസ്.എസിനു കീഴിലുള്ള ഭാരതീയ ശിക്ഷൺ മണ്ഡൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
അഞ്ചാം ക്ലാസ് വരെയുള്ള പഠനം മാതൃഭാഷയാകണമെന്നും ഇംഗ്ലീഷ് ഐച്ഛിക ഭാഷയായി പഠിപ്പിച്ചാൽ മതിയെന്നും ആർ.എസ്.എസിെൻറ മറ്റൊരു അഫിലിേയറ്റഡ് സംഘടനായ ശിക്ഷ സൻസ്കൃതി ഉത്തൻ ന്യാസ് 2016ൽ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. ‘പ്രൈമറി വിദ്യാഭ്യാസം മാതൃഭാഷയിലാക്കുക, പാഠപുസ്തക ഉള്ളടക്കം പുതുക്കാനുള്ള കമ്മിറ്റി രൂപവത്കരിക്കുക, റിസർച് ഫൗണ്ടേഷനെ പ്രഖ്യാപിക്കുക തുടങ്ങി തങ്ങളുടെ നിർദേശങ്ങൾ അംഗീകരിച്ചതിൽ സന്തോഷമുണ്ട്.’ - ശിക്ഷ സൻസ്കൃതി ഉത്തൻ ന്യാസ് ദേശീയ സെക്രട്ടറി അതുൽ കോത്താരി പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാറിെൻറ സ്വേഛാപരമായ നീക്കമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് സി.പി.എം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.