ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതിഷേധം. രാജ്യത്തെ വിദ്യാഭ്യാസ രംഗം നശിപ്പിക്കാനുള്ള കേന്ദ്രസർക്കാറിെൻറ സ്വേഛാപരമായ നീക്കമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് സി.പി.എം കുറ്റപ്പെടുത്തി. നയം രൂപപ്പെടുത്തുന്നതിൽ പാർലമെൻറിനെ പൂർണമായി മറികടന്നു. വിദ്യാഭ്യാസം ഭരണഘടനയുടെ സമാവർത്തി പട്ടികയിൽപെട്ട ഇനമാണ്. കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടപ്പാക്കേണ്ടതാണ് വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾ.
എന്നാൽ വിവിധ സംസ്ഥാന സർക്കാറുകൾ ഉയർത്തിയ എതിർപ്പ് ഏകപക്ഷീയമായി കേന്ദ്രം അവഗണിച്ചു. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കേന്ദ്രീകരണവും, വർഗീയവത്കരണവും വാണിജ്യവത്കരണവുമാണ് പരിണിത ഫലം. മാനവശേഷി വികസന മന്ത്രാലയത്തിെൻറ പേരുമാറ്റവും അംഗീകരിക്കാനാവില്ല. നയം നടപ്പാക്കുന്നതിനു മുമ്പ് പാർലമെൻറിൽ വിശദ ചർച്ച നടത്തണം: പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം 2014ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉണ്ടായിരുന്നു. 1986ലെ ദേശീയ വിദ്യാഭ്യാസ നയമാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. അത് 1992ൽ പുതുക്കിയെങ്കിലും 34 വർഷമായി കാര്യമായ പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടില്ല.
2016ൽ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ സുബ്രഹ്മണ്യെൻറ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കി. കഴിഞ്ഞ വർഷം ബഹിരാകാശ ഗവേഷണ കേന്ദ്രം മുൻ ചെയർമാൻ കെ. കസ്തൂരി രംഗെൻറ നേത്വത്തിലുള്ള സമിതി കരടു നയരേഖ തയാറാക്കി. ഇതേക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയാണ് നയത്തിന് അന്തിമ രൂപം നൽകിയതെന്നും രണ്ടു ലക്ഷത്തിൽപരം അഭിപ്രായ നിർദേശങ്ങൾ ലഭിച്ചിരുന്നുവെന്നും മന്ത്രിമാരായ രമേശ് പൊക്രിയാൽ നിഷാങ്ക്, പ്രകാശ് ജാവ്ദേക്കർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അടക്കം ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്നവരുടെ അനുപാതം 26.3 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചുരുങ്ങിയത് മൂന്നരക്കോടി പുതിയ സീറ്റുകൾ ലഭ്യമാവുമെന്നും മന്ത്രിമാർ വിശദീകരിച്ചു.
പരീക്ഷ 3,5,8,10,12 ക്ലാസുകളിൽ;
സംസ്കൃതത്തിന് പ്രാമുഖ്യം
ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുേമ്പാൾ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ തുടരും. എന്നാൽ, കോച്ചിങ് ക്ലാസുകൾ ഒഴിവാക്കുന്ന വിധം പരിഷ്കരിക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവൽ പറഞ്ഞു. 10+2 രീതി മാറി 5+3+3+4 സമ്പ്രദായം വരുേമ്പാൾ 3,5,8 ക്ലാസുകളിൽ മാത്രം സ്കൂൾ പരീക്ഷ. സംസ്കൃതത്തിന് സ്കൂളിലും ഉന്നത വിദ്യാഭ്യാസത്തിലും പ്രാമുഖ്യം നൽകും.
പരീക്ഷ ലളിതമാക്കും. ഒരു സ്കൂൾ വർഷത്തിൽ രണ്ടുവട്ടം ബോർഡ് പരീക്ഷ എഴുതാൻ വിദ്യാർഥികളെ അനുവദിക്കും. ഒന്ന് പ്രധാന പരീക്ഷ; രണ്ടാമത്തേത് ഇംപ്രൂവ്മെൻറ്.
മൂന്നു മുതൽ ആറു വയസു വരെയുള്ള കുട്ടികളെ കൂടി സ്കൂൾ പാഠ്യക്രമത്തിെൻറ പരിധിയിലേക്കു കൊണ്ടുവരുന്നതു കൂടിയാണ് ഘടനാ മാറ്റം. അഞ്ചാം ക്ലാസ് വരെ മാതൃഭാഷ. എട്ടുവരെ ഇത് അഭിലഷണീയം.
പുതിയ സമ്പ്രദായത്തിലെ നാലു ഘട്ടങ്ങൾ ഇങ്ങനെ:
ഫൗണ്ടേഷൻ: പ്രീ സ്കൂൾ, ഒന്നും രണ്ടും ക്ലാസുകൾ എന്നിവ അടങ്ങുന്ന മൂന്നു വർഷം.
പ്രിപറേറ്ററി: മൂന്നാം ക്ലാസ് മുതൽ അഞ്ചു വരെ.
മിഡിൽ: 6,7,8 ക്ലാസുകൾ.
സെക്കൻഡറി: ഒമ്പതു മുതൽ 12 വരെ ക്ലാസുകൾ.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്കൂൾ നിലവാര അതോറിറ്റി രൂപവത്കരിക്കണം. സംസ്ഥാനങ്ങൾ അതതിടത്തെ പരിഗണനകൾക്ക് അനുസൃതമായി സ്വന്തം പാഠ്യപദ്ധതി രൂപപ്പെടുത്തണം. സ്കൂൾ ബാഗിെൻറ ഭാരം കുറക്കുന്നതിനും ഊന്നൽ നൽകുമെന്ന് അനിത കർവൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.