ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പവൻ കുമാർ ബൻസാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി. സെൻട്രൽ ഡൽഹിയിൽ രാവിലെ 10.30 ഓടെയാണ് അദ്ദേഹം ഇ.ഡിക്ക് മുന്നിൽ ഹാജരായത്. ഇതേ കേസുമായി ബന്ധപ്പെട്ട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയെയും ഇന്നലെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എ.ജെ.എൽ) ആണ് നാഷണൽ ഹെറാൾഡ് പ്രസിദ്ധീകരിക്കുന്നത്.
ഖാർഗെ യങ് ഇന്ത്യയുടെ സി.ഇ.ഒയും ബൻസാൽ എ.ജെ.എൽ മാനേജിങ് ഡയറക്ടറും കോൺഗ്രസിന്റെ ഇടക്കാല ട്രഷററുമാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ യങ് ഇന്ത്യയുടെ പ്രമോട്ടർമാരും ഷെയർഹോൾഡർമാരുമാണ്.
ഖാർഗെയെ ഇ.ഡി ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തെ കേന്ദ്രസർക്കാർ പീഡിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ ആരോപിച്ചു. ദലിത് നേതാക്കളെ അപമാനിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഖാർഗെ അത്തരം തന്ത്രങ്ങൾക്ക് കീഴടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.