ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് രാജ്യ തലസ്ഥാനത്ത് രണ്ടാം ദിവസവും സംഘർഷം. നിരോധനാജ്ഞ നിലനിൽക്കുന്ന ഇ.ഡി ഓഫീസ് പരിസരത്തേക്ക് പ്രകടനവുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞത് സംഘര്‍ത്തിന് ഇടയാക്കി.
ഓഫീസ് പരിസരത്ത് പൊലീസ് ബാരിക്കേഡുകൾ കൊണ്ട് വലയം തീർത്തിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നേതാക്കൾ നിരോധിത മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. നിരവധി പാർട്ടി അംഗങ്ങളെയും എം.പിമാരെയുമടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ജേബി മേത്തര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജെബി മേത്തറിനെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.
എ.ഐ.സി.സി ആസ്ഥാനത്ത് രാഹുലിനൊപ്പം പ്രകടനമായി പോകാനെത്തിയ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് നീക്കി. പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിൽ ബലമായി പിടിച്ചു കയറ്റുകയായിരുന്നു. എം.പിയുടെ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും അംഗീകരിച്ചില്ലെന്നും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയെന്നും കൊടിക്കുന്നിൽ ആരോപിച്ചു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, രൺദീപ് സിങ് സുർജെവാല എന്നിവരെയും കോൺഗ്രസ് ഓഫീസിനു മുന്നിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇവർ ഇ.ഡി ഓഫീസിലേക്ക് മാർച്ച് ചെയ്യാനിരിക്കുകയായിരുന്നു.
അതേസമയം, രാഹുൽ ഗാന്ധി രണ്ടാം ദിവസവും ഇ.ഡി.ക്ക് മുന്നിൽ ഹാജരായി. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കൾക്കൊപ്പം പാർട്ടി ഓഫീസിൽ എത്തിയ ശേഷമായിരുന്നു ഇ.ഡി ഓഫീസിലേക്ക് രാഹുൽ തിരിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാം ദിനമാണ് രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഇ.ഡി ഓഫീസിലെത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇ.ഡിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.