മൊഹാലി: ദേശീയ ഷൂട്ടിങ് താരം നമൻവീർ സിങ് ബ്രാറിനെ മൊഹലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 29 വയസായിരുന്നു. നഗരത്തിലെ സെക്ടർ 71ലെ വീട്ടിൽ വെച്ച് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ 3.35നായിരുന്നു സംഭവം. വെടിയൊച്ച കേട്ട് ഓടിയെത്തിയ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കടുംകൈ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്ന് ബ്രാറിന്‍റെ കുടുംബം പറഞ്ഞു. സിവിൽ ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തി.
പഞ്ചാബ് സർവകലാശാല വിദ്യാർഥിയായിരുന്ന ബ്രാർ അങ്കൂർ മിത്തൽ, അസ്ഗർ ഹുസൈൻ ഖാൻ എന്നിവർക്കൊപ്പം 2015ൽ ദക്ഷിണകൊറിയയിലെ ഗ്വാങ്ചുവിൽ നടന്ന ലോക യൂനിവേഴ്സിറ്റി ഗെയിംസിൽ ഡബിൾ ട്രാപ്പിൽ വെങ്കലം സ്വന്തമാക്കിയിരുന്നു. അതേ വർഷം തന്നെ ആൾ ഇന്ത്യ യൂനിവേഴ്സിറ്റി ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ അദ്ദേഹം വെങ്കലം സ്വന്തമാക്കിയിരുന്നു.
പോളണ്ടിൽ നടന്ന എഫ്.ഐ.എസ്.യു ലോക യൂനിവേഴ്സിറ്റി ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു അദ്ദേഹം. മാസ്റ്റേഴ്സ് മീറ്റ് ചാമ്പ്യൻഷിപിൽ സ്വർണം നേടിയ ബ്രാർ യുവ ഷൂട്ടർമാരുടെ കോച്ച് ആയി പ്രവർത്തിച്ച് വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.