രാജ്യവ്യാപകമായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വ്യാപക റെയ്ഡ്. ഇ.ഡിയും ഐ.ടി വകുപ്പുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പരിശോധന നടത്തുന്നത്. പശ്ചിമ ബംഗാളില്‍ ഭക്ഷ്യ മന്ത്രിയുടെ വസതിയിലുൾപ്പെടെയാണ് റെയ്ഡ്. പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വ്യാപക പരിശോധന നടക്കുന്നത്. പശ്ചിമ ബംഗാള്‍ ഭക്ഷ്യ, വിതരണ മന്ത്രി രതിന്‍ ഘോഷിെൻറ വസതിയില്‍ അടക്കം 13 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തി. രതിന്‍ ഘോഷ് മധ്യംഗ്രാം മുനിസിപ്പാലിറ്റി ചെയര്‍മാനായിരിക്കെ നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന. തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഇ.ഡി നടപടി. ഇ.ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് മഞ്ജുനാഥ ഗൗഡയുടെ ശിവമോഗയിലെ വീട്ടിലും ഇ.ഡി റെയ്ഡ് നടക്കുകയാണ്. തെലങ്കാനയില്‍ ബി.ആർ.എസ് എം.എൽ.എയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിെൻറ നേതൃത്വത്തിലാണ് പരിശോധന. ബി.ആർ.എസ് മുതിര്‍ന്ന നേതാവും എം.എൽ.എയുമായ മാഗന്ദി ഗോപിനാഥുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന. ഹൈദരാബാദിലും മറ്റിടങ്ങളിലും ഐ.ടി പരിശോധനയാണ് നടക്കുന്നുണ്ട്.
തമിഴ്‌നാട്ടില്‍ ഡി.എം.കെ എം.പി എസ്. ജഗത്രക്ഷകനുമായി ബന്ധപ്പെട്ട ചെന്നൈയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ആരക്കോണത്ത് നിന്നുള്ള ലോക്‌സഭ അംഗമാണ് ജഗത്രക്ഷകന്‍. മുന്‍ കേന്ദ്ര മന്ത്രിയായ ജഗത്രക്ഷകന്‍ അറിയപ്പെടുന്ന ബിസിനസുകാരന്‍ കൂടിയാണ്. എന്നാൽ, രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ഉദ്യേശ്യത്തോടെ കയറൂരി വിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികൾ വിമർശിച്ചു. കേന്ദ്രസർക്കാറിനെതിരെ രൂപപ്പെട്ട് വരുന്ന കൂട്ടായ്മ തകർക്കുകയാണ് ഈ അന്വേഷണ സംഘത്തിലൂടെ ബി.ജെ.പി നേതൃത്വം ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.