ചണ്ഡീഗഡ്: വിലക്കയറ്റത്തിനെതിരെ ആനപ്പുറത്ത് കയറി പ്രതിഷേധിച്ച് പഞ്ചാബിലെ കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ധു. 'ആനയുടെ വലിപ്പത്തിൽ വിലക്കയറ്റം' എന്നെഴുതിയ വെള്ള ബാനറും ആനപ്പുറത്ത് തൂക്കിയിട്ടായിരുന്നു പ്രതിഷേധം. ആനയോളം വലിയ നിരക്കിലാണ് വിലകൾ ഉയരുന്നതെന്ന് ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ നവ്ജ്യോത് മാധ്യമങ്ങളോട് പറഞ്ഞു.
"കടുകെണ്ണയുടെ വില 75 രൂപയിൽ നിന്ന് 190 രൂപയായും പരിപ്പ് 80 രൂപയിൽ നിന്ന് 130 രൂപയായും ഉയർന്നു. ആളുകൾക്ക് ഈ നിരക്കിൽ കോഴിയിറച്ചി വാങ്ങാം. കോഴിക്കും പരിപ്പിനും ഇപ്പോൾ ഒരേ വിലയാണ്. ഇത് ഇന്ത്യയിലെ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും കർഷകരെയുമാണ് ബാധിക്കുന്നത്." -നവ്ജ്യോത് സിദ്ധു പറഞ്ഞു.
പഞ്ചാബിലെ പാട്യാല ജില്ലയിലെ തിരക്കേറിയ പ്രദേശങ്ങളിൽ ആനപ്പുറത്ത് സഞ്ചരിച്ച സിദ്ധുവിനൊപ്പം നിരവധി കോൺഗ്രസ് പ്രവർത്തകർ പ്ലക്കാർഡുകളുമേന്തി പ്രതിഷേധമറിയിച്ചു. ഇന്ധനം, പാചക വാതകം, പാചക എണ്ണ എന്നിവയുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുത്തനെ വർദ്ധിപ്പിച്ചതിന് പ്രതിപക്ഷ പാർട്ടികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കേന്ദ്രം വ്യാപകമായ വിമർശനമാണ് നേരിടുന്നത്.
"സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമാകുന്നുവെന്നാണ് സാഹചര്യം സൂചിപ്പിക്കുന്നത്. ക്രൂരതകൾ ചെയ്യുന്നത് പാപമാണെങ്കിൽ ക്രൂരതകൾ സഹിക്കുന്നത് അതിലും വലിയ പാപമാണ്. പണപ്പെരുപ്പം സമ്പന്നരെയല്ല, ദരിദ്രരെയാണ് ബാധിക്കുന്നത്." -കഴിഞ്ഞ മാസം അമൃത്സറിൽ നടന്ന പ്രതിഷേധത്തിനിടെ സിദ്ധു പറഞ്ഞു.
പണപ്പെരുപ്പത്തിനെതിരായ ബി.ജെ.പിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി 2012ൽ പഞ്ചാബ് കോൺഗ്രസ് മുൻ മേധാവിയും ഇതുപോലെ പ്രതിഷേധിച്ചിരുന്നു. അന്ന് അദ്ദേഹം ഭരണകക്ഷിയുടെ ഭാഗമായിരുന്നു. ഗാർഹിക പാചക വാതക (എൽ.പി.ജി) വില വ്യാഴാഴ്ച സിലിണ്ടറിന് 3.50 രൂപ കൂട്ടി. മെയ് മാസത്തിൽ ഇത് രണ്ടാം തവണയാണ് എൽ.പി.ജി വില 1,000 രൂപയ്ക്ക് മുകളിൽ ഉയർത്തുന്നത്.
സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച് സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് 14.2 കിലോ സിലിണ്ടറിന് 1,003 രൂപയാണ് വില. പല സംസ്ഥാനങ്ങളിലും ഇന്ധന നിരക്ക് ലിറ്ററിന് 100 രൂപക്ക് മുകളിലായപ്പോഴാണ് ഗ്യാസ് സിലിണ്ടറുകളുടെ വില വർധിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെയും ആഗോള വിതരണ ആശങ്കകളുടെയും പശ്ചാത്തലത്തിൽ നിരക്കുകൾ ഉയരുന്നത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.