ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയായി ചരൺജിത് സിങ് ഛന്നിയെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ നവജ്യോത് സിങ് സിദ്ദുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി പാർട്ടി നേതാവും എം.പിയുമായ രൺവീത് സിങ് ബിട്ടു. പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷനായ സിദ്ദുവായിരിക്കും സൂപ്പർ മുഖ്യമന്ത്രി എന്നാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.
എ.എൻ.ഐയോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കോൺഗ്രസ് വിജയിച്ചാൽ സിദ്ദുവിന് എന്ത് സ്ഥാനമായിരിക്കും നൽകുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് സിദ്ദു സ്വാഗതം ചെയ്യുകയായിരുന്നു. പ്രഖ്യാപനത്തിനുശേഷം സിദ്ദു എന്തെങ്കിലും വിമർശനം ഉന്നയിച്ചോ എന്നും ബിട്ടു ചോദിച്ചു.
പഞ്ചാബിലെ ഓരോ സാധാരണക്കാരനും ഛന്നിയുടെ വിജയമാണ് ആഗ്രഹിക്കുന്നത്. ഗുരുദ്യാരകളിലും ക്ഷേത്രങ്ങളിലും അദ്ദേഹത്തിനുവേണ്ടി പ്രാർഥനകൾ നടക്കുകയാണ്. ഛന്നി അധികാരത്തിലെത്തുമ്പോൾ പാവപ്പെട്ടവർ പറയും. ഞങ്ങളുടെ മക്കൾക്കും ഒരു ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചേരാൻ കഴിയുമെന്ന്. വോട്ടിങ് ദിവസം അവർ ഒരു ആഘോഷം പോലെ കൊണ്ടാടുമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ബി.ജെ.പിയും എ.എ.പിയും ഭയപ്പെടുന്നത്. - ബിട്ടു പറഞ്ഞു.
അരവിന്ദ് കെജരിവാളും എ.എ.പിയും ബി.ജെ.പിയുടെ ബി. ടീമാണെന്ന് ബിട്ടു കുറ്റപ്പെടുത്തി. അവർ പഞ്ചാബിനെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും ബിട്ടു കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.