ന്യൂഡൽഹി: റോഡിൽ അടിപിടിക്കിടെ വയോധികൻ മരിച്ച കേസിൽ കഠിന തടവിന് വിധിക്കപ്പെട്ട് ജയിലിലായ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ഇന്നലെ ഉറങ്ങിയത് സിമന്‍റ് കട്ടിലിൽ. ചപ്പാത്തിയും പരിപ്പു കറിയും നൽകിയെങ്കിലും കഴിച്ചില്ല. പകരം സാലഡും പഴങ്ങളും കഴിച്ചു.
പട്യാല സെൻട്രൽ ജയിലിലെ പത്താം നമ്പർ ബാരക്കിൽ 241383 -ാം നമ്പർ തടവുകരാനായാണ് 58കാരനായ സിദ്ദു കഴിയുന്നത്. കൊലപാതക കുറ്റം ചുമത്തിയ എട്ടു പേരുടെ കൂടെയാണ് സിദ്ദുവിനെ പാർപ്പിച്ചിരിക്കുന്നത്. കഠിനതടവിനാ ശിക്ഷിച്ചിരിക്കുന്നതിനാൽ തൊഴില്‍ പരിശീലനം നല്‍കും.
1988 ഡിസംബർ 27ന് പാട്യലയിലെ ഷേറൻവാല ഗേറ്റ് ക്രോസിങിന് അടുത്തുള്ള റോഡിന് നടുക്ക് സിദ്ദുവും സുഹൃത്ത് രൂപീന്ദർ സിങ് സന്ധുവും ജിപ്സി പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കം ഗുർണാം സിങ് എന്നയാളുടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഗുര്‍ണാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചത് മരണത്തിന് കാരണമായതായാണ് കേസ്. നേരത്തേ പഞ്ചാബ് - ഹരിയാന ഹൈകോടതി മൂന്നു വർഷം തടവ് വിധിച്ച കേസാണിത്. 2018ൽ 1000 രൂപ മാത്രം പിഴ വിധിച്ചു ശിക്ഷ ഇളവു ചെയ്ത് സുപ്രീം കോടതി സിദ്ദുവിനെ വിട്ടയച്ചിരുന്നു. തുടർന്ന് ഗുർണാം സിങ്ങിന്റെ കുടുംബാംഗങ്ങൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഒരു വർഷം തടവും 1000 രൂപ പിഴയും കൂടി വിധിച്ചത്.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാൻ സമയം നീട്ടി നൽകണമെന്ന് സിദ്ദു അഭ്യർഥിച്ചിരുന്നു. എന്നാല്‍ സിദ്ദുവിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമതിച്ചു. ഇതേതുടർന്നാണ് സിദ്ദു കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.